ഓണത്തിരക്കിലലിഞ്ഞ് കാഞ്ഞങ്ങാട്
text_fieldsകാഞ്ഞങ്ങാട്: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാഞ്ഞങ്ങാട്ട് വഴിയോര വിപണി സജീവമായി. തിരുവോണത്തിന്റെ അവസാനത്തെ മൂന്ന് ദിവസമാണ് സാധാരണ വഴിയോര കച്ചവടം സജീവമാകാറെങ്കിലും ഇത്തവണ ആഴ്ചകൾക്ക് മുമ്പേ നഗരം ഉണർന്നു. വ്യാപാര സ്ഥാപനങ്ങളിലും ഓണത്തിരക്കേറി. വസ്ത്രാലയങ്ങളിലും ചെരുപ്പ് കടകളിലും ഇലക്ട്രോണിക് കടകളിലും തിരക്കുണ്ട്.
മലയാളികളും കർണാടക, തമിഴ് നാട്ടുകാരും ഉത്തരേന്ത്യൻ കച്ചവടക്കാരും ആഴ്ചകൾക്ക് മുമ്പേയെത്തി നഗരത്തിൽ കച്ചവടത്തിന് ആവശ്യമായ സ്ഥലം കൈയടക്കിയിരുന്നു.ഷർട്ടും മുണ്ടും ബെഡ് ഷീറ്റുമെല്ലാം വഴിയോരത്തുണ്ട്. കുട്ടികൾക്കുള്ള കളിക്കോപ്പുകളുമായി യു.പി. സ്വദേശികളും എത്തി. തിരക്കേറിയാൽ സാധാനങ്ങൾ വാങ്ങാനുള്ള പ്രയാസം ഓർത്ത് സ്ത്രീകൾ ഉൾപ്പെടെ പലരും നേരത്തേ തന്നെ സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്. വീടുകളിലേക്കുള്ള സാധനങ്ങൾ ചെറിയ വിലയിൽ ലഭിക്കുമെന്നതിനാൽ സാധാരണക്കാർ കൂടുതലായി വഴിയോര കച്ചവടക്കാരെ ആശ്രയിക്കുന്നു. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ കച്ചവടക്കാർ സജീവമാണ്. പഴയ കൈലാസ് തിയറ്റർ വരെ കച്ചവടക്കാർ നിരന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വഴിയോര കച്ചവടക്കാർ നഗരത്തിലെത്തും. ഒപ്പം ആളുകളും. ഇനിയുള്ള ദിവസങ്ങൾ പൂക്കച്ചവടവും പൊടിപൊടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.