കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണം -പാസഞ്ചേഴ്സ് അസോസിയേഷൻ
text_fieldsകാഞ്ഞങ്ങാട്: കേരളവും കർണാടകവുമായി ബന്ധപ്പെട്ട റെയില്‍വേ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്താൻ മുഖ്യമന്ത്രിമാരുടെ ദക്ഷിണേന്ത്യന്‍ മേഖല കൗണ്‍സില്‍ യോഗത്തിലുണ്ടായ ധാരണ സ്വാഗതാര്‍ഹമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ. നിർദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത വിഷയവും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം മുഖ്യമന്ത്രി പിണറായി വിജയനയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയുടെ സർവേ നടപടികള്‍ പൂര്‍ത്തിയാവുകയും കേന്ദ്ര മാനദണ്ഡപ്രകാരം കേരള സര്‍ക്കാര്‍ പദ്ധതിയുടെ വിഹിതം നല്കാന് തീരുമാനിച്ചിട്ടുള്ളതുമാണ്. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കാഞ്ഞങ്ങാട് -കാണിയൂര്‍ പാതക്ക് ഇപ്പോഴത്തെ തടസ്സം. ഏഴു മണിക്കൂർകൊണ്ട് കാഞ്ഞങ്ങാട് നിന്നും ബംഗളൂരുവിലെത്താന്‍ കഴിയുന്നതാണ് കാഞ്ഞങ്ങാട് കാണിയൂര്‍ പാത. ഇത് യാഥാര്‍ത്ഥ്യമായാല്‍ അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കർണാടകയുടെയും വികസനത്തിന്റെ നാഴികക്കല്ലായി മാറും.
നിലവില്‍ പരിഗണനയിലുള്ള മറ്റ് റെയില്പാതകളേക്കാള് ഏറ്റവും കുറഞ്ഞ ചെലവില്‍ നിർമിക്കാനാകുന്നതും സ്ഥലമെടുക്കുന്നതിന് പ്രയാസമില്ലാത്തതുമാണ് കാഞ്ഞങ്ങാട്- പാണത്തൂര്‍ -കാണിയൂര്‍ പാതയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന മറ്റുചില റെയിൽവേ പദ്ധതികള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉള്‍പ്പെടുത്താത്തത് ഖേദകരമാണ്. കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസനത്തിനും മലയോരമേഖലയുടെ സമഗ്രവികസനത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് കാഞ്ഞങ്ങാട് പാണത്തൂര്‍-കാണിയൂര്‍ പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.