നോക്കുകുത്തിയായി കാഞ്ഞങ്ങാട്ടെ ട്രാഫിക് സിഗ്നൽ സംവിധാനം
text_fieldsകാഞ്ഞങ്ങാട്: നോക്കുകുത്തിയായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ട്രാഫിക് സിഗ്നൽ. കാഞ്ഞങ്ങാട് -കാസർകോട് കെ.എസ്.ടി.പി റോഡ് നിർമാണത്തോടൊപ്പം നിർമിച്ചതാണ് കോട്ടച്ചേരി ട്രാഫിക് സംവിധാനം. ആധുനിക രീതിയിലാണ് ഇത് സജ്ജീകരിച്ചത്. കാഞ്ഞങ്ങാട് നഗരസഭ, പൊലീസ്, പി.ഡബ്ല്യു.ഡി, വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടങ്ങിയതാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി.
2019 മുതലാണ് കോട്ടച്ചേരിയിൽ പുതുതായി ട്രാഫിക് സിഗ്നൽ വന്നത്. വലിയ പ്രതീക്ഷയിലായിരുന്നു സംവിധാനം ഒരുക്കിയതെങ്കിലും നഗത്തിലെ ഗതാഗതക്കുരുക്കിന് സിഗ്നൽ കൂനിന്മേൽ കുരുവായി മാറുകയായിരുന്നു.
ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതോടെ മാസങ്ങൾക്കകം സിഗ്നൽ സംവിധാനം നിർത്തിവെച്ചു. ഓണം, വിഷു, പെരുന്നാൾ സീസണിലെ വലിയ തിരക്ക് കണക്കിലെടുത്ത് ആദ്യമൊക്കെ സിഗ്നൽ ഓഫ് ചെയ്തെങ്കിലും പിന്നീട് പൂർണമായും നിർത്തിവെച്ചു.
ഇടക്കിടെ വീണ്ടും പ്രവർത്തിപ്പിക്കുമെങ്കിലും പരാതി രൂക്ഷമാകുമ്പോൾ മാത്രം നിർത്തിവെക്കുകയായിരുന്നു പതിവ്. നിലവിൽ സംവിധാനം പൂർണമായി നിലച്ച അവസ്ഥയിലാണ്.
ഗതാഗതക്കുരുക്കിന് ഇപ്പോഴും കുറവൊന്നുമില്ല. ശാസ്ത്രീയമായ രീതി അവലംബിച്ച് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ച്, നഗരത്തിലെത്തുന്നവർക്ക് കീറാമുട്ടിയായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഉത്സവകാലത്ത് മാത്രം ഒത്തുകൂടുന്ന ട്രാഫിക് അതോറിറ്റി കമ്മിറ്റിക്ക് അതിനൊട്ട് നേരവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.