കാറടുക്ക സഹകരണസംഘം തട്ടിപ്പ് കേസ്; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
text_fieldsമുള്ളേരിയ: കാറടുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ ജില്ല ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകേസിൽ മൂന്നുകോടിവരെയുള്ള തട്ടിപ്പാണ് ജില്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ വരുന്നത്. കാറടുക്ക സൊസൈറ്റിയിൽനിന്ന് സ്വർണവും പണവുമായി 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
തട്ടിപ്പിന്റെ അളവ് വർധിച്ചതോടെ അന്വേഷണസംഘം ഇക്കാര്യം ഉന്നതങ്ങളിൽ അറിയിച്ചിരുന്നു. നടപടി വൈകിയതാണ് ഉത്തരവിറങ്ങാനുള്ള കാലതാമസത്തിന് കാരണമെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ആറുപ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണ്.
സ്വർണം പലയിടങ്ങളിലായി പണയംവെക്കുകയും പണം നിക്ഷേപമായി മാറുകയും ചെയ്തിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനനുസരിച്ച് കൂടുതൽ പ്രതികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ചിലര്‍ക്ക് ഹവാല ഇടപാടും വിദേശബന്ധവുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സഹകരണസംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 13നാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സഹകരണസംഘം സെക്രട്ടറിയായിരുന്ന കര്‍മ്മന്തൊടിയിലെ കെ. രതീശനെയാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയതോടെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാവുകയും അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയുമാണുണ്ടായത്.
പള്ളിക്കര പഞ്ചായത്ത് മെംബർ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍കുമാര്‍, കണ്ണൂര്‍ താണ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീന് എന്നിവരാണ് മറ്റുപ്രതികൾ.
കാറടുക്ക സഹകരണസംഘത്തില്‍ നിന്ന് രതീശൻ കടത്തിയ പണയ സ്വര്‍ണങ്ങള്‍ കേരള ബാങ്കിന്റെ കാഞ്ഞങ്ങാട്, പെരിയ ശാഖകളില്‍നിന്ന് ജില്ല ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. 190 ഓളം പവന് സ്വര്‍ണമാണ് പിടിച്ചെടുത്തത്. ബാക്കി സ്വര്‍ണവും പണവും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.