കാറഡുക്ക ആനപ്രതിരോധ പദ്ധതി ഒരുങ്ങി; ഒന്നാംഘട്ട ചാര്‍ജിങ് എട്ടിന്
text_fieldsകാസർകോട്: കാട്ടാന ആക്രമണങ്ങൾ പ്രതിരോധിക്കാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ആനമതില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമാകുന്നു. പൂര്‍ത്തിയായ രണ്ടര കിലോമീറ്റര്‍ ആനമതിലിന്റെ ചാര്‍ജിങ് തിങ്കളാഴ്ച രാവിലെ 11ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിക്കും.
ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാന മുതല്‍ ഒളിയക്കൊച്ചി വരെയുള്ള രണ്ടര കി.മീ. വേലിയാണ് പ്രവര്‍ത്തനക്ഷമമാക്കുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 15ഓടെ ശേഷിക്കുന്ന നാലു കി.മീ. കൂടി പൂര്‍ത്തീകരിക്കും.
അതോടെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ബിജു എന്നിവര്‍ അറിയിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ദേലംപാടി, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിന്റെയും സഹായത്തോടെ വനംവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മാതൃക പദ്ധതിയാണിത്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ 29 കി.മീ നീളത്തിലാണ് സൗരോര്‍ജ വേലി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ എട്ട് കി.മീ വേലി നിര്‍മിക്കാനാണ് തീരുമാനിച്ചത്. 60 ലക്ഷം രൂപ വനംവകുപ്പ് കൈമാറി.
ബാക്കി 21 കി.മീ. നിര്‍മിക്കാനുള്ള തുക ഈ വര്‍ഷത്തെ ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപ വീതവും നല്‍കും.
ഒപ്പം മാതൃക പദ്ധതിയായിക്കണ്ട് ആസൂത്രണ ബോര്‍ഡ് 66 ലക്ഷം രൂപ ബ്ലോക്കിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.