കാറടുക്ക സഹകരണ സംഘം തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: സി.പി.എം നിയന്ത്രണത്തിലുള്ള കാറടുക്ക അഗ്രികൾചറിസ്റ്റ് സഹകരണ സംഘത്തിൽനിന്ന് അഞ്ചു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഖ്യപ്രതി സി.പി.എം മുളിയാർ ലോക്കൽ കമ്മിറ്റി അംഗവും സഹകരണ സംഘം സെക്രട്ടറിയുമായ കെ. രതീശന്റെ കൂട്ടാളികളാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ ബി.ജെ.പി അനുഭാവി അനിൽകുമാർ, ബേക്കൽ മൗവ്വൽ സ്വദേശിയും പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ മുഹമ്മദ് ബഷീർ, പറക്ലായി സ്വദേശി ഗഫൂർ എന്നിവരെയാണ് ആദൂർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്.
ഗ്രൂപ് കാർഷിക വായ്പ ഇനത്തിൽ ഒരു തവണ 40 ലക്ഷവും പിന്നീട് ഒരു തവണ 60 ലക്ഷവുമാണ് ബഷീറിന്റെ അക്കൗണ്ടിലേക്ക് പോയത്. ഗ്രൂപ് വായ്പയായി 40 ലക്ഷം രൂപ നൽകാൻ മാത്രമേ അനുവാദമുള്ളൂ. എന്നാൽ, പ്രതികളുടെ സംഘടിത റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ് ഇത്രയും തുക അനുവദിക്കാൻ കാരണം. ഈ തുക കണ്ണൂർ സ്വദേശി ഇടനിലക്കാരനായ റിയൽ എസ്റ്റേറ്റിലേക്ക് നിക്ഷേപമായി ചെന്നുവെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. എല്ലാ പണവും രതീശന്റെ താൽപര്യ പ്രകാരമാണ് നിക്ഷേപിച്ചത് എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
അനിൽകുമാർ, ഗഫൂർ എന്നിവർ സ്വർണം പണയം വെച്ചുള്ള ഇടപാടിന്റെ കൂട്ടാളികളാണ്. അവധിയിലിരിക്കെ രതീശൻ ബാങ്ക് ലോക്കറിൽനിന്ന് കടത്തിയ സ്വർണമാണ് പണയംവെച്ചത്. ഒന്നാം പ്രതി രതീശനെ പിടികൂടാനായിട്ടില്ല. മൂന്നുപേരെ അറസ്റ്റു ചെയ്തതോടെ രതീശൻ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്ന് സംശയിക്കുന്നു. ആദൂർ പൊലീസാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും. കേസ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തിൽ ഇന്ന് ജോയന്റ് രജിസ്ട്രാർ ഓഫിസിലേക്ക് മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.