കരിന്തളം-വയനാട് വൈദ്യുത പദ്ധതി നിർമാണം അതിവേഗത്തിൽ
text_fieldsകാസർകോട്: വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള കാസര്‍കോട്-വയനാട് ഹരിത പവര്‍ഹൈവേ നിർമാണത്തിന് അതിവേഗം. മൂന്നുവർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. അന്തര്‍സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി കരിന്തളം കയനിയിലെ 400 കെ.വി സബ് സ്റ്റേഷനില്‍നിന്ന് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കരിന്തളത്തുനിന്നുള്ള വൈദ്യുതി ലൈന്‍ വലിക്കലിന്റെ പ്രാരംഭപ്രവര്‍ത്തനവും പുരോഗമിക്കുന്നു. വയനാട്ടില്‍നിന്നുള്ള ടവര്‍ ഫൗണ്ടേഷന് പ്രവൃത്തിയും ആരംഭിച്ചു. നേരത്തെ കരിന്തളം തോളേനിയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
125 കിലോമീറ്റര്‍ വൈദ്യുതിലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. ആകെ 380, 400 കെ.വി ടവറുകളാണ് പദ്ധതിക്ക് ആവശ്യമായി വരിക.
വയനാട്ടില്‍ 200 എം.വി.എ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറാണ് സ്ഥാപിക്കുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-ഇരിട്ടി- നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെ ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കെ.എസ്.ഇ.ബിയുടെ തനതുഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് അനുവദിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പാക്കേജ് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡും സര്‍ക്കാരും തീരുമാനമെടുക്കുന്നതോടെ അര്‍ഹരായവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.