കസബ മത്സ്യബന്ധന തുറമുഖ വിപുലീകരണം; 50 കോടിയുടെ കേന്ദ്ര സഹായത്തിന് അനുമതി
text_fieldsകാസർകോട്: കസബ കടപ്പുറത്തെ മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി(പി.എം.എം.എസ്.വൈ)യിൽ 50 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി ആർ.കെ.വി.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്കു മുമ്പാണ് മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചത്.
ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പുലിമുട്ടുകൾ തമ്മിലുള്ള അകലം കുറവായതിനാൽ മത്സ്യ ത്തൊഴിലാളികൾക്ക് സുഗമമായി വള്ളം അടുപ്പിക്കുന്നതിനു പ്രയാസം നേരിട്ടിരുന്നു. തുടർന്നു മത്സ്യത്തൊഴിലാളികളുടെ അഭ്യർഥനപ്രകാരം പുതുക്കിയ മാതൃകാപഠനം നടത്തുകയും ഹാർബർ എൻജിനീയറിങ് വകുപ്പ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കി പി.എം.എം.എസ്.വൈ പദ്ധതിയിൽ അംഗീകാരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാറിന് സമര്പ്പിക്കുകയും ചെയ്തു.
കേന്ദ്ര ഫിഷറീസ് പ്രതിനിധികൾ, സി.ഐ.സി.ഇ.എഫ്. പ്രതിനിധികൾ, എൻ.എഫ്.ഡി.ബി. ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടറ്റിനുള്ള ടെക്നിക്കൽ സ്ക്രൂട്ടിനി കമ്മിറ്റി ഈ മാസം 26ന് പദ്ധതിയുടെ രൂപരേഖ വിശദമായി പരിശോധിച്ച ശേഷം 50 കോടി രൂപയുടെ പദ്ധതിക്ക് 60 ശതമാനം കേന്ദ്ര സഹായത്തോടെ അംഗീകാരം നൽകുകയായിരുന്നു.
രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ വടക്കേ പുലിമുട്ട്, തെക്കേ പുലിമുട്ട് എന്നിവ യഥാക്രമം 380 മീറ്റർ, 200 മീറ്റർ നീളം വർധിപ്പിക്കൽ, വർക്ക്ഷോപ്, ഗിയർ ഷെഡ്, റസ്റ്റ് ഷെഡ് , കാന്റീൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ഇ.ടി.പി, വൈദ്യുതീകരണം, നാവിഗേഷൻ സംവിധാനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതി പൂർത്തീകരിക്കുകവഴി ഹോസ്ദുർഗ്, അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, കിഴൂർ, കസബ, കാവുഗോളി, കോയിപ്പാടി എന്നീ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ഏത് കാലാവസ്ഥയിലും സുരക്ഷിതമായി മത്സ്യബന്ധനത്തിന് പോയിവരുന്നതിനുള്ള സൗകര്യങ്ങൾ ലഭിക്കും. ഏകദേശം നൂറോളം യന്ത്രവൽകൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോയി വരുന്നതിനും മത്സ്യം വിപണനം നടത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാകും.
പദ്ധതി പൂർത്തീകരിക്കുന്നതോടെ മത്സ്യബന്ധനത്തിനുള്ള പ്രവൃത്തി ദിനങ്ങൾ വർധിക്കുമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായിത്തീരുമെന്ന് എം.എൽ.എ. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.