കാസർകോട് : ബോധവത്കരണവുമായി എയ്ഡ്സ് ദിനാചരണം
text_fieldsകാസർകോട്: ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ എ.ആർ.ടി സെന്റർ ആഭിമുഖ്യത്തിൽ ‘സമൂഹങ്ങൾ നയിക്കട്ടെ’ പ്രമേയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ പൊതുയോഗം, ആശുപത്രി ജീവനക്കാർക്കുള്ള ബോധവത് കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ്, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികളാണ് നടത്തിയത്. പൊതുയോഗം മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രി മുൻ സൂപ്രണ്ട് കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. എ.ആർ.ടി സെന്റർ നോഡൽ ഓഫിസർ ഡോ. ജനാർദന നായ്ക് മുഖ്യപ്രഭാഷണം നടത്തി.
ഐ.എം.എ കാസർകോട് പ്രസിഡന്റ് ഡോ. ജിതേന്ദ്ര റായി, ടി.ബി സെന്റർ മെഡിക്കൽ ഓഫിസർ ഡോ. നാരായണ പ്രദീപ്, നഴ്സിങ് സൂപ്രണ്ട് മിനി ജോസഫ്, എൽ.എച്ച്.ഐ ജലജ, സി.എസ്.സി ഡയറക്ടർ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൗൺസിലർ പ്രമീളകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർ അനിൽ കുമാർ ക്ലാസെടുത്തു. എ.ആർ.ടി സെന്റർ ഫാർമസിസ്റ്റ് സി.എ. യൂസുഫ് സ്വാഗതവും ഐ.സി.ടി.സി ലാബ് ടെക്നീഷ്യൻ നയന നന്ദിയും പറഞ്ഞു. പ്രബിത ബാലൻ, പി.കെ. സിന്ധു, ആയിശത്ത് ഷിനാറ, കെ. നിഷ എന്നിവർ നേതൃത്വം നൽകി.
മഞ്ചേശ്വരം: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ റാലിയും ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുപ്രിയ ഷേണായി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ പ്രഭാകർ റൈ അധ്യക്ഷത വഹിച്ചു. എസ്.എ.ടി സ്കൂൾ ഹെഡ്മിസ്ട്രസ് സുരേഖ മല്യ സംസാരിച്ചു. അഖിൽ സ്വാഗതവും ഷൈലജ നന്ദിയും പറഞ്ഞു.
ചെറുവത്തൂര്‍: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നടത്തി. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രാമന് സ്വാതിവാമന്‍ ദിനാചരണ സന്ദേശം നല്കി. ചെറുവത്തൂര്‍ ബ്ലോക്ക് ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.എ. രാജ്മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ജെ. സജിത്ത്, പി.വി. രാഘവന്, പി. പത്മിനി, സി.വി. ഗിരീശന്, ഡോ. വി. സുരേശന് എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലത്തീഫ് മഠത്തില്‍ സ്വാഗതവും പി.കെ. മധു നന്ദിയും പറഞ്ഞു.
കുമ്പഡാജെ: ഗ്രാമപഞ്ചായത്ത്, കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം, അഗല്‍പാടി ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിന റാലി നടത്തി. റാലി കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്റ്റ, വാര്‍ഡ് മെംബര്‍ ഹരീഷ് ഗോസാട എന്നിവര്‍ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍, ആശാപ്രവര്‍ത്തകര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അഗല്‍പാടി സ്കൂള്‍ ഗ്രൗണ്ടില്‍നിന്നാരംഭിച്ച റാലി മാര്‍പ്പനടുക്കം ടൗണില്‍ സമാപിച്ചു. ഹമീദ് ഷുഹൈബ് സ്വാഗതവും ബൈജു എസ്. റാം നന്ദിയും പറഞ്ഞു.
ജില്ല കുടുംബശ്രീ മിഷൻ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അവബോധ കാമ്പയിന് നടത്തി. കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് നടന്ന റെഡ് റിബണ്‍ കാമ്പയിന് കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ‘സമൂഹം നയിക്കട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ എച്ച്.ഐ.വി ദിന മുദ്രാവാക്യം. രോഗബാധിതരെ ചേര്‍ത്തുപിടിച്ച് എയ്ഡ്സ് എന്ന മഹാവ്യാധിക്കെതിരെ പോരാടുക എന്നതാണ് കുടുംബശ്രീ ലക്ഷ്യംവെക്കുന്നത്. അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക് കോഓഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി മെന്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ആദിവാസി മേഖലകളിലും അവബോധ പരിപാടികള്‍ നടത്തും.
ഹോസ്ദുര്‍ഗ്: ജില്ല ജയിലില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പൂച്ചെടികളില്‍ സന്ദേശമൊരുക്കി. ഹരിതകേരള മിഷനുമായി സഹകരിച്ച് ഹോസ്ദുര്‍ഗ് ജില്ല ജയിലില്‍ അന്തേവാസികളാണ് വിവിധ തരത്തിലുള്ള പൂച്ചെടികള്‍ കൊണ്ട് എയ്ഡ്സിനെതിരെ സന്ദേശമൊരുക്കിയത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. റിജിത്ത് കൃഷ്ണന് എയ്ഡ്സ് ദിന സന്ദേശം നല്കി. ഹോസ്ദുര്‍ഗ് ജില്ല ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് കെ.ജി. രാജേന്ദ്രന്, ടി.വി. സുമ, ഇ.കെ. പ്രിയ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എന്‍.വി. പുഷ്പരാജു, കെ. ദീപു, എം.വി. സന്തോഷ് കുമാര്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ ടി.വി. മധു, പി.വി. വിപിന്‍, പി.വി. അജീഷ്, വി.ആര്. രതീഷ്, യു. ജയാനന്ദന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.