കാസർകോട് നഗരാസൂത്രണ പദ്ധതിക്ക് സർക്കാർ അംഗീകാരം
text_fieldsകാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീമുകൾ) സർക്കാർ അംഗീകരിച്ചു. ഇതോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഏരിയയുടെയും സെൻട്രൽ ഏരിയയുടെയും സമഗ്ര വികസനം സാധ്യമാകും.
ഇരു ഏരിയകളിലെയും റസിഡന്‍ഷ്യല്‍ ഉപയോഗത്തിനായി തരംതിരിച്ച പ്രദേശങ്ങളില്‍ വാണിജ്യത്തിനും താമസ ഉപയോഗത്തിനുമുള്ള നിർമാണങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദനീയമാക്കി.
സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടുന്നതും പൊതു-അർധ പൊതു ആവശ്യങ്ങള്‍ക്കായി തരംതിരിച്ചതുമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നിലക്കുകയോ പ്രവര്‍ത്തനത്തിനായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഇതിനു ചുറ്റുമുള്ള ഭൂവിനിയോഗ മേഖലയില്‍ അനുവദനീയമായ ഉപയോഗങ്ങള്‍ക്കും ഇളവുകള്‍ ലഭിക്കും. കൂടാതെ കെട്ടിട നിർമാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ഇതോടുകൂടി ലഭ്യമാകുമെന്നും ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു.
1989, 1991 വർഷങ്ങളിലാണ് ഡി.ടി.പി സ്കീമുകൾ പ്രാബല്യത്തിൽ വന്നത്. ഇതിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.
33 വർഷത്തിനു ശേഷമാണ് കാസർകോട് നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി പരിഷ്കരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, നഗരസഭ സെക്രട്ടറി പി.എ. ജസ്റ്റിൻ, നഗരസഭ എൻജിനീയർ എൻ.ഡി. ദിലീഷ് തുടങ്ങിയവരുടെ സംഘം വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും ചീഫ് ടൗൺ പ്ലാനർ സി.പി. പ്രമോദ് കുമാറിന് തിരുവനന്തപുരത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.