ഒടുവിൽ കാസർകോട് ജില്ലക്ക് സ്വന്തമായി ന്യൂറോളജിസ്റ്റ് വരുന്നു
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർ ഉൾപ്പടെയുള്ളവരുടെ ദീർഘകാല മുറവിളികൾക്കൊടുവിൽ ജില്ലയുടെ കാര്യത്തിൽ സർക്കാർ കണ്ണുതുറക്കുന്നു.
കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ജില്ലയിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കഴിഞ്ഞമാസം കാസർകോട്ടെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇതോടെ പ്രാവർത്തികമാകുന്നത്. ജനുവരി മൂന്നിന് മെഡിക്കൽ കോളജിൽ ഒ.പി തുടങ്ങുന്ന വേളയിൽ ന്യൂറോളജിസ്റ്റും എത്തുമെന്നാണ് പ്രതീക്ഷ.
ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിന് തറക്കല്ലിട്ട് ഒമ്പതാം വർഷത്തിലേക്ക് കടന്നിട്ടും ആശുപത്രി സമുച്ചയത്തിെൻറ നിർമാണം പോലും പൂർത്തിയാക്കാത്തത് വലിയ ചർച്ചയാണ്. കേന്ദ്രം പ്രഖ്യാപിച്ച എയിംസ് കാസർകോട് വേണമെന്ന് ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തുന്ന സമരങ്ങളെ തുടർന്ന് ജില്ലയുടെ ആരോഗ്യരംഗമാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രധാന ചർച്ചയാവുന്നത്. സി.പി.എമ്മിെൻറ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലും മെഡിക്കൽ കോളജ് നിർമാണം ചർച്ചയിൽ ഇടംപിടിച്ചു.
പ്രതിപക്ഷ സംഘടനകളും വിഷയം ഏറ്റെടുത്തതോടെയാണ് ആരോഗ്യമന്ത്രി ആഴ്ചകൾക്കു മുമ്പ് ജില്ലയിലെത്തിയത്. ഡിസംബർ ആദ്യവാരം മെഡിക്കൽ കോളജിൽ ഒ.പി തുടങ്ങുമെന്നും ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതെല്ലാം നടപ്പാകാതായതോടെ പ്രതിപക്ഷ സംഘടനകൾ പ്രതീകാത്മക ഒ.പി ഉൾപ്പടെ നടത്തി പ്രതിഷേധം കടുപ്പിച്ചു.
ഇതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവി കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെത്തി. ജനുവരി മൂന്നിന് ഒ.പി തുടങ്ങുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തിയാണ് ഇവർ ജില്ലയിൽനിന്ന് മടങ്ങിയത്. ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുട്ടികൾ കഴിഞ്ഞദിവസം മരിച്ചതോടെ ന്യൂറോളജിസ്റ്റ് ഇല്ലാത്തത് വീണ്ടും വലിയ ചർച്ചയാവുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. മെഡിക്കൽ കോളജിെൻറ അക്കാദമിക് ബ്ലോക്കിലാണ് ഒ.പി തുടങ്ങുന്നത്. നേരത്തേ കോവിഡ് ആശുപത്രിയാക്കിയിരുന്നതും അക്കാദമിക് ബ്ലോക്കിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.