‘പാങ്ങുള്ള ബജാര്, ചേലുള്ള ബജാര്’; മാലിന്യമുക്ത പ്രഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ
text_fieldsകാസര്‍കോട്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ കാമ്പയിന്റെ ഭാഗമായി ‘പാങ്ങുള്ള ബജാര്, ചേലുള്ള ബജാര്’ പ്രഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ. നഗരം സമ്പൂർണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ രൂപവത്കരിക്കുന്നതിന് നഗരസഭ വനിതഭവന്‍ ഹാളില്‍ ചേര്‍ന്ന നിർവഹണ സമിതി യോഗം ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൻ ഷംസീദ ഫിറോസ് അധ്യക്ഷതവഹിച്ചു. കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. ലതീഷ് വിവരിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് പള്ളത്ത് നഗരസഭ സ്ഥാപിച്ച തുമ്പൂര്‍മുഴി യൂനിറ്റ് ഉദ്ഘാടനവും മുഴുവൻ വാർഡുകളിലും ശുചിത്വ പ്രവർത്തനങ്ങള്‍ നടത്തുന്നതിന്റെ ഉദ്ഘാടനവും നടക്കും. യോഗത്തില്‍ കാസര്‍കോട് നഗരസഭയെ ‘പാങ്ങുള്ള ബജാര്, ചേലുള്ള ബജാര്’ ആയി നഗരസഭ ചെയര്മാന് പ്രഖ്യാപിക്കും.
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ സംഘടിപ്പിക്കും. ശുചിത്വസദസ്സ്, ശുചിത്വപദയാത്ര, കുട്ടികളുടെ ഹരിതസഭ, മാലിന്യമുക്ത നവകേരളം മെഗാ ഇവന്റ്, ഹരിത അയല്‍ക്കൂട്ടം കാമ്പയിന്, ഹരിത ടൂറിസം കേന്ദ്രം കാമ്പയിന്, ഹരിത ടൗണ്‍ കാമ്പയിന്, ഹരിത സ്കൂള്‍ കാമ്പയിന് തുടങ്ങിയവ സംഘടിപ്പിക്കും.
സഹീര്‍ ആസിഫ്, രജനി, ആർ.പി. ദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്മാന് ഖാലിദ് പച്ചക്കാട് സ്വാഗതവും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അംബിക നന്ദിയും പറഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ 2025 മാര്‍ച്ച് 30വരെയാണ് കാമ്പയിന് നടക്കുക. നഗരത്തിലെ മുഴുവന്‍ ജനങ്ങളും കാമ്പയിനുമായി സഹകരിക്കണമെന്നും സന്നദ്ധ സംഘടനകളും നഗരത്തിലെ വ്യാപാരികളും തെരുവോര കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാരച്ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ മുന്നോട്ടുവരണമെന്നും നഗരത്തെ ‘പാങ്ങുള്ള ബജാര്, ചേലുള്ള ബജാര്’ ആയി പ്രഖ്യാപിക്കാന്‍ ഒരുങ്ങണമെന്നും ചെയര്മാന് അഭ്യർഥിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ തയാറാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ തുടങ്ങുമെന്നും ചെയര്മാന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.