കാസർകോട് നഗരസഭ സമ്പൂർണ ഡിജിറ്റലാവുന്നു
text_fieldsകാസര്‍കോട്: നഗരസഭയും സമ്പൂര്‍ണമായി ഡിജിറ്റലാക്കുന്നു. ഇതിനു മുന്നോടിയായി നഗരസഭയിലെ സ്ഥിതിവിവരം സര്‍വേ നടത്തി ഡിജിറ്റലൈസ് ചെയ്യും. നഗരസഭയിലെ അടിസ്ഥാന വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കും. ജിയോ - ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.
നഗരസഭയിലെ മുഴുവന്‍ വീടുകള്‍, സ്ഥാപനങ്ങള്‍, റോഡ്, വൈദ്യുതി തൂൺ, വെള്ള ടാപ്പുകള്‍, മണ്ണ് - ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ജലസ്രോതസ്സുകള്‍, നിലവിലുള്ള കൃഷി, വ്യക്തികളുടെ സമഗ്രമായ വിവരശേഖരം, നഗരസഭയില്‍ നടപ്പാക്കിയ വികസനങ്ങളുടെ സ്ഥിതിവിവരം എന്നിവ സര്‍വേ നടത്തി ഡിജിറ്റലൈസ് ചെയ്യും.
പ്രദേശത്തിന്റെ സ്വഭാവം, പരിസ്ഥിതി, സാമൂഹിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ഇവയെല്ലാം സര്‍വേയില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ നഗരസഭയുടെ പ്ലാനിങ്, ഏകോപനം, മോണിറ്ററിങ് എന്നിവയെല്ലാം കൃത്യതയോടെ നടപ്പിലാക്കാന്‍ ഡിജിറ്റലൈസ് സംവിധാനം ഉപകരിക്കും.
കരകുളം ഗ്രാമീണ പഠനകേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നതിന് സാങ്കേതിക സഹായമൊരുക്കുന്നത്. നഗരസഭയിലെ ഒരു വാര്‍ഡില്‍നിന്ന് ഒരാളെ ഫീല്‍ഡ് സര്‍വേ നടത്താന്‍ നിയോഗിക്കും. നഗരസഭയിലെ ആരോഗ്യമേഖലയിലടക്കം മുതല്‍ക്കൂട്ടാകും വിധമുള്ള സര്‍വേ നടത്താന്‍ സൗജന്യമായി പരിശീലനം നല്‍കും.
ഒക്ടോബര്‍ ഒന്നിന് ഡ്രോണ്‍ സര്‍വേ നടത്തും. നിലവിലുള്ള ഭൂവിനിയോഗവും മനുഷ്യ നിർമിത ആസ്തിയും വിവിധ കളറുകളുടെയും ചിഹ്നങ്ങളുടെയും സഹായത്താല്‍ ഭൂപടത്തില്‍ രേഖപ്പെടുത്തും. ഭാവിയില്‍ വളരെ ലളിതമായി ഇവ മനസ്സിലാക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ തയാറാക്കുന്നതിനും ആസ്തികളുടെ തുടർ പരിപാലനത്തിനും ഇത് സഹായിക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. ബിജു അറിയിച്ചു.
നഗരസഭയിലെ കെട്ടിടം ഭൂനികുതികളും മറ്റ് റവന്യൂ വരുമാനങ്ങളും കൃത്യതയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിനും സര്‍വേയിലൂടെ കഴിയും. കൃഷിസ്ഥലം, ഭൂവിനിയോഗം, വനം, മണ്ണ്, തരിശുഭൂമി, ഭൂശോഷണം, ജലവിഭവം തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് കോട്ടംതട്ടാതെ സുസ്ഥിരവികസന ആസൂത്രണം തയാറാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.