കാസർകോടിന് വേണം അധ്യാപകരെ
text_fieldsകാസർകോട്: ജില്ലയിലെ അധ്യാപക ഒഴിവുകൾ വീണ്ടും ആയിരം കടന്നു. കഴിഞ്ഞവർഷം നവംബറിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഏതാനും പേരെ നിയമിച്ചെങ്കിലും പുതിയ അധ്യയന വർഷമെത്തിയപ്പോൾ ഒഴിവുകൾ വീണ്ടും ആയിരം പിന്നിട്ടു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 1054 അധ്യാപക ഒഴിവുകളാണ് ജില്ലയിലുള്ളത്. ഇതര ജില്ലകളിൽനിന്നുള്ളവർ ഉടനടി സ്ഥലംമാറിപ്പോകുന്നതാണ് ഇത്രയും ഒഴിവിനു കാരണം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 976 അധ്യാപക ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുള്ളത് എൽ.പി സ്കൂളിൽ- 316 പേർ. യു.പി-250, ഹൈസ്കൂൾ- 236, ഹയർ സെക്കൻഡറി- 174 എന്നിങ്ങനെയാണ് സർക്കാർ സ്കൂളുകളിലെ മറ്റ് ഒഴിവുവിവരം.
ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ 78 അധ്യാപക ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവ് യു.പി സ്കൂളുകളിൽ- 34 എണ്ണം. എൽ.പി- 20, ഹയർ സെക്കൻഡറി- 19, ഹൈസ്കൂൾ- അഞ്ച് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവ് വരുന്നത് കാസർകോട്ടാണ്. വിരമിക്കുന്നതും സ്ഥാനക്കയറ്റം ലഭിക്കുന്നതുമല്ല ഇതിനു കാരണം.
അതിർത്തി ജില്ലയായതിനാൽ നിയമനം കിട്ടുന്നവർ അതിവേഗം സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതാണ് ഒഴിവുകൾ കുന്നുകൂടാൻ പ്രധാന കാരണം. എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി പരീക്ഷക്ക് കാസർകോട് ജില്ല തെരഞ്ഞെടുക്കുകയും നിയമനം കിട്ടിയാൽ പ്രത്യേക ഉത്തരവ് വാങ്ങി നാടുവിടുന്ന സ്ഥിതിയുമുണ്ട്.
അനധ്യാപക തസ്തികയിലാണെങ്കിൽ ഡെപ്യൂട്ടേഷനിലും സ്വന്തം നാട്ടിലേക്ക് നിയമനം തരപ്പെടുത്തുകയാണ് രീതി. ഇതിനു പരിഹാരമായാണ് കാസർകോട്ട് ജോലി ലഭിക്കുന്നവർ മൂന്നുവർഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഈയിടെ ഇറക്കിയത്. ഇതിന്റെ ചുവടുപിടിച്ച് ജില്ല കലക്ടറും പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥിരം അധ്യാപകരില്ലാത്തത് കുട്ടികളെയാണ് സാരമായി ബാധിക്കുന്നത്.
മിക്ക സ്കൂളുകളിലും ഗെസ്റ്റ് അധ്യാപകരാണ് കൂടുതൽ. അതിർത്തിപ്രദേശങ്ങളിലെ കാര്യം വളരെ ദയനീയമാണ്. ഗെസ്റ്റ് അധ്യാപകരായി പോലും ആളെ കിട്ടാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.