Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോഡ് മഴ;...

കാസർകോഡ് മഴ; വെള്ളക്കെട്ട് ഭീഷണിയിൽ വീടുകൾ

text_fields
bookmark_border
കാസർകോഡ് മഴ; വെള്ളക്കെട്ട് ഭീഷണിയിൽ വീടുകൾ
cancel

മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കുമ്പള: ശക്തമായി പെയ്യുന്ന മഴയിൽ മൊഗ്രാലിലെ നാങ്കി കടപ്പുറത്തും വളച്ചാലിലും രൂപപ്പെട്ട വെള്ളക്കെട്ട് അമ്പതോളം വീടുകൾക്ക് ഭീഷണിയാകുന്നു. മഴ തുടർന്നാൽ വെള്ളം അകത്തേക്ക് കയറുമെന്ന അവസ്ഥയിലാണ് വീടുകൾ. കെ.കെ പുറം റോഡിലും, മീലാദ് നഗർ റോഡിലും കെട്ടി നിൽക്കുന്ന വെള്ളം കാൽനടക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിട്ടുണ്ട്. കെ.കെ പുറം റോഡിൽ ഓവുചാൽ സംവിധാനം ഇല്ലാത്തതാണ് വെള്ളം റോഡിൽ കെട്ടിക്കിടക്കാൻ ഇടയാകുന്നത്. ചളിയങ്കോട് ജങ്ഷനിൽ നിന്നും കാടിയംകുളത്തു നിന്നും ഒഴുകിവരുന്ന വെള്ളമാണ് കെട്ടിക്കിടക്കുന്നത്. മീലാദ് നഗർ റോഡിലും സമാന അവസ്ഥയാണ്. ഓവുചാലിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം റോഡ്, വീട് നിർമാണം എന്നിവ മൂലം തടസ്സപ്പെട്ടതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമായത്. വളച്ചാൽ പ്രദേശത്തെ വെള്ളം മൊഗ്രാൽ പുഴയിലേക്ക് ഒഴുകിപ്പോകുന്ന സ്ഥലങ്ങൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരത്തിയതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ട് വീടുകൾക്ക് ഭീഷണിയായത്. വെള്ളക്കെട്ടിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്നവരാണ് നാങ്കി കടപ്പുറം നിവാസികൾ. ഈ വിഷയത്തിൽ രണ്ടാഴ്ചമുമ്പ് എ.കെ.എം. അഷ്റഫ് എം.എൽ.എ പ്രദേശവാസികളുമായി ചർച്ച നടത്തുകയും ഹാർബർ, ഫിഷറീസ് ഫണ്ടുകൾ ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതിനിടെ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓടകളുടെ ശുചീകരണവും മറ്റും നടക്കാത്തതാണ് കൊപ്പളം വാർഡിൽ ഇത്രയും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മൊഗ്രാൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വതമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെയും, സന്നദ്ധസംഘടനകളുടെയും ആവശ്യം.

കാഞ്ഞങ്ങാട്: അജാനൂരിന്റെ തീരദേശ മേഖലകളിലെ നിരവധി വീടുകളിലും ക്വാർട്ടേഴ്സുകളിലും വെള്ളം കയറി. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലാണ് വെള്ളം കയറിയത്. കൊളവയൽ, ഇട്ടമ്മൽ, ഇഖ്ബാൽ ജങ്ഷൻ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം.

നീലേശ്വരം: വെള്ളംകയറിയതിനാൽ മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാഴകൃഷിക്ക് കനത്തനാശമുണ്ടായി. കക്കാട്ട് കുതിരുമ്മൽ കുഞ്ഞിപ്പെണ്ണ്, മൊട്ടക്കണ്ടത്തിൽ നാരായണി, ആറ്റിപ്പിൽ നാരായണി, പണ്ടാരത്തിൽ ജാനകി, വാഴവളപ്പിൽ വിനു, എ. ചന്ദ്രൻ, ആറ്റിപ്പിൽ നാരായണൻ, ചാളക്കടവ് മണക്കടവിലെ കുടുക്കിൽ ഭാസ്കരൻ, കുടുക്കിൽ മാധവി തുടങ്ങിയ കുടുംബങ്ങളാണ് മാറിത്താമസിച്ചത്. ആറ്റിപ്പിൽ നാരായണന്റെ ഓടുമേഞ്ഞ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. കക്കാട്ട്, പന്നിപ്പള്ളി, തലയത്ത് വയൽ, മടിക്കൈ വയൽ, കരുവക്കൈ, ആലയി വയൽ, മുണ്ടോട്ട്, പള്ളത്ത് വയൽ, മൂലായിപ്പള്ളി പ്രദേശങ്ങളിലെ നേന്ത്രവാഴകൃഷി വെള്ളംകയറി നശിച്ചു. മടിക്കൈ വയലിൽ 2500ഓളം നേന്ത്രവാഴകൾ വെള്ളക്കെട്ടിലായി. മണക്കടവ് ക്രോസ് ബാർ കം ബ്രിഡ്ജ് വെള്ളത്തിലായതിനാൽ നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്നുള്ള ഗതാഗതം മുടങ്ങി. ചാർത്താങ്കാൽ തടയണ വെള്ളത്തിൽ മുങ്ങിയതിനാൽ പൂത്തക്കാൽ ഭാഗത്തുനിന്നുള്ള ഗതാഗതം നിലച്ചു. മുണ്ടോട്ട് കേളോത്ത് ശ്യാമളയുടെ വീടിനുമേൽ വൈദ്യുതിത്തൂൺ വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കത്ത് പറമ്പ് ആറ്റിപ്പിൽ വെള്ളം കയറി വീട്ടിൽനിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങളെ നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ എന്നിവർ സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, പഞ്ചായത്ത് മെംബർ രമ പത്മനാഭൻ എന്നിവരും കുടുംബങ്ങളെ സന്ദർശിച്ചു. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ട് റോഡ് പൂർണമായും വെള്ളത്തിനടിയിലായി.

മുക്കട കാര്യങ്കോട് തീരദേശ റോഡിൽ വേളൂരിൽ വീടിന്റെ മതിലിടിഞ്ഞു. വേളൂരിലെ ചുണ്ടയിൽ യശോദയുടെ വീടിനു മുന്നിൽ നിർമിച്ച മതിലാണ് തകർന്നത്. വീടിനുമുന്നിൽ പണിത റൂഫിങ് പന്തലും അപകട ഭീഷണിയിലാണ്.

കാസർകോട്: ജില്ലയിൽ ബുധനാഴ്ചയും കനത്ത മഴ. ഉച്ചക്കുമുമ്പ് നേരിയ ശമനം തോന്നിയെങ്കിലും വൈകീട്ട് മഴ കൂടുതൽ ശക്തമായി. ചെര്‍ക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയില്‍ സാറടുക്ക റോഡരികിലെ കൂറ്റന്‍ കുന്ന് ഇടിഞ്ഞത് ഗതാഗതം താറുമാറാക്കി. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടനിലയും പിന്നിട്ടു. താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

കോളിച്ചാൽ ചെറുപുഴ മലയോരപാതയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു. ഈ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജങ്ഷനിലും മാലോം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജങ്ഷനിലും യാത്ര അവസാനിപ്പിക്കണമെന്നാണ് നിർദേശം. സമീപകാലത്ത് നിർമിച്ച റോഡാണിത്.

മഞ്ചേശ്വരം പഞ്ചായത്തിലെ വാർഡ് 13 ഹൊസങ്കടിയിൽ 20ഓളം വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ സഹായത്തോടെ ഏഴ് കുടുംബങ്ങളിലെ 50 പേരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. മറ്റുള്ളവർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി.

നീലേശ്വരം: മൂന്നു ദിവസമായി തുടരുന്ന മഴയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ നഷ്ടമേറെ. മലയോര ജനതയുടെ പ്രധാന ഗതാഗതമാർഗമായ മലയോര ഹൈവേ റോഡ് തകർന്നു. വെള്ളരിക്കുണ്ട് കാറ്റാംകവല ചുരത്തിൽ മണ്ണിടിച്ചിൽ മൂലം റോഡ് രണ്ടായി പിളർന്നത് ആശങ്ക പരത്തി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ജില്ലയിലെ രണ്ടു പ്രധാന ചുരങ്ങളാണ് മാലോത്ത് വില്ലേജിലെ കാറ്റാംകവല ചുരവും മരുതോം ചുരവും. മലയോര ഹൈവേയിലെ ഈ രണ്ടു പ്രധാന ഇടനാഴികളും മണ്ണിടിച്ചിലിനും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. കാറ്റാംകവല ചുരത്തിൽ ലോറി മറിഞ്ഞ് നാലു തമിഴ് തൊഴിലാളികൾ മരിച്ചതടക്കമുള്ള ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കഴിവതും യാത്ര ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsheavy rain
News Summary - Kasaragod rains; Houses under flood threat
Next Story