യാത്രകൾ, യാത്രകൾ, യൗവനത്തിലേക്ക് യാത്രകൾ
text_fieldsകാസർകോട്: 82 വയസ്സായ പത്മജക്ക് നേപ്പാളിന്റെ തണുപ്പേറി തിരികെ വന്നപ്പോൾ ഒരു ജന്മം കൂടി ലഭിച്ചതായി തോന്നി. പ്രായമായില്ല, യൗവത്തിന്റെ വാതിലിലേക്ക് ഒരു പടികൂടി തിരികെ യാത്ര എന്നായിരുന്നു അവർക്ക് തോന്നിയത്. ഒരു യാത്രാ ക്ഷീണവും അവർക്കുണ്ടായിരുന്നില്ല.
അവരുടെചോദ്യം അടുത്ത യാത്ര എപ്പോൾ എന്നായിരുന്നു. ഏറ്റവും സുരക്ഷിതമായി അവർക്ക് യാത്ര ഒരുക്കിയത് കാസർകോട് ട്രാവൽ ക്ലബ് എന്ന യാത്രാ സംഘടനയാണ്. വയസ്സ് എൺപത് പിന്നിട്ടാലും ജീവിതത്തിന്റെ യൗവനത്തിലേക്കുള്ള യാത്രക്ക് തുടക്കമിടുകയാണ് കാസർകോട് ട്രാവൽ ക്ലബ്.
ഒരു വർഷം പൂർത്തിയാകുമ്പോൾ നടത്തിയത് ഇടതടവില്ലാത്ത യാത്രകൾ. അതിപ്പോൾ രാജ്യത്തിന്റെ അതിരുംകടന്ന് സഞ്ചരിക്കുകയാണ്. സ്വന്തം ചെലവിൽ ഒത്തൊരുമയുള്ള യാത്ര.
2022 ജൂൺ 16ന് കാസർകോട് പ്രസ് ക്ലബിലാണ് ട്രാവൽ ക്ലബ് രൂവത്കരിക്കപ്പെടുന്നത്. മാധ്യമ പ്രവർത്തകനും പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായ സണ്ണി ജോസഫ് മുൻകൈയെടുത്ത് മാധ്യമ പ്രവർത്തകരുടെയും സർവിസിൽനിന്ന് വിരമിച്ചവരുടെയും യോഗം ചേർന്നാണ് ക്ലബ് രൂപവത്കരിക്കുന്നത്.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ, വിധവകൾ, പ്രായാധിക്യത്തിന്റെ ഏകാന്തത അനുഭവിക്കുന്നവർ, മക്കൾ വിദേശത്തുള്ളവർ, സർവിസിൽനിന്ന് വിരമിച്ചവർ എന്നിങ്ങനെയുള്ളവരെ കൂട്ടിയോജിപ്പിച്ച് പുതിയ കുടുംബത്തെ സൃഷ്ടിച്ചെടുക്കുകയാണ് ട്രാവൽ ക്ലബ്ബ്. 200 ഓളം അംങ്ങളാണ് ട്രാവൽ ക്ലബിലുള്ളത്. ഈ കൂട്ടത്തിലേക്ക് ആർക്കും കയറിവരാം. വഴിയാത്രിയിൽ കൂടെ ചേരാം. ചെലവ് പങ്കിട്ടുള്ള യാത്രയിൽ ആർക്കും ലാഭമില്ല. ക്ലബിന് വാണിജ്യ താൽപര്യവുമില്ല. ജീവിതത്തിന്റെ സന്തോഷവും സ്നേഹവും മാത്രമാണ് ലാഭം. മൂലധനം യാത്രമാത്രം.
ശ്രാവണ ബലഗോളയിലേക്കാണ് തുടക്കയാത്ര നടത്തിയത്. പോണ്ടിച്ചേരി, ചിദംബരം, ചെന്നെ, ഹംപി, ഡെൽഹി, കശ്മീർ, നേപ്പാൾ, ഹൈദരാബാദ്, എന്നിങ്ങനെ തുടർന്നു. ഒരുവർഷത്തിനിടയിൽ നിറഞ്ഞ യാത്രകളായിരുന്നു. ഇനി ബാലി- സിംഗപ്പൂർ, തായ്ലൻഡ്, ഇന്തോനേഷ്യ, മാലി, യൂറോപ്പ്, ഈജിപ്ത്, തുർക്കി, കാനഡ എന്നീ സ്ഥലങ്ങളെല്ലാം ലക്ഷ്യമിടുന്നുണ്ട്. ഒരു വാടസ് ആപ് ഗ്രൂപ്പിലൂടെ ചേരാവുന്ന ദൂരം മാത്രമാണ് കാസർകോട് ട്രാവൽ ക്ലബിലേക്കുള്ളത്.
പ്രഫ. വി. ഗോപിനാഥ്(രക്ഷാധികാരി), ജി.ബി വത്സൻ (ചെയ.), സണ്ണി ജോസഫ്(ചീഫ് ടൂർ കോ-ഓഡിനേറ്റർ), എ.കെ. ജയിംസ്(ടൂർ കോ-ഓഡിനേറ്റർ) ഉൾപ്പെടെ 11 അംഗ സമിതിയാണ് യാത്ര ആസൂത്രണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.