വിഭാഗീയത രൂക്ഷം; കാസർകോട്ട് ബി.ജെ.പി വൈസ് പ്രസിഡൻറ് രാജിവെച്ചു
text_fieldsകാസർകോട്: ബി.ജെ.പി ജില്ല കമ്മിറ്റിയിൽ വിഭാഗീയത മറനീക്കി പുറത്ത്. ജില്ല നേതൃത്വവുമായി ഇടഞ്ഞ് വൈസ് പ്രസിഡന്റും കാസർകോട് നഗരസഭാംഗവുമായ പി. രമേശൻ രാജി വെച്ചു. ഇദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റു ചില നേതാക്കളും രാജിക്കത്ത് നൽകിയെന്നാണ് സൂചന.
കുറേ മാസങ്ങളായി ബി.ജെ.പി ജില്ല കമ്മിറ്റിയിൽ ഉടലെടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് പുതിയ സംഭവം. കുമ്പള ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള വിഷയത്തിൽ നേതാക്കൾ പല തട്ടിലാണ്.
കഴിഞ്ഞ ദിവസം കേളുഗുഡെയിൽ ബി.ജെ.പിയിലെ ഇരുഗ്രൂപ്പുകളും ഏറ്റുമുട്ടുകയും ഒരു പ്രവർത്തകന് കുത്തേൽക്കുകയും ചെയ്തിരുന്നു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവവുമുണ്ടായി. ഇത്തരം വിഷയങ്ങളിലൊന്നും നേതാക്കൾ സാധാരണ പ്രവർത്തകർക്കൊപ്പം നിൽക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. എന്നാൽ, രാജിസംബന്ധിച്ചുള്ള ചോദ്യങ്ങളിൽനിന്ന് പി. രമേശൻ ഒഴിഞ്ഞുമാറി.
ജില്ല പ്രസിഡൻറായി രവീശ തന്ത്രി കുണ്ടാറിനെ നിയമിച്ചതിൽ ഒരുവിഭാഗത്തിന് നേരത്തെതന്നെ എതിർപ്പുണ്ട്. മുൻ പ്രസിഡന്റിനെ ഒതുക്കിയെന്ന പരാതിയും നിലനിൽക്കുന്നതിനിടെയാണ് രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.