ജാഗ്രത അൽപം കൈവിട്ടു; കാസർകോട് കോവിഡ് വീണ്ടും മേലോട്ട്
text_fields
കാസർകോട്: ആത്മവിശ്വാസം അൽപം കൂടുകയും ജാഗ്രത കുറയുകയും ചെയ്തതോടെ ജില്ലയിൽ കോവിഡ് കേസുകൾ വീണ്ടും മേേലാട്ട്. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന ജില്ലയിലാണ് കാര്യങ്ങൾ മാറിമറിയുന്നത്. ജില്ലയിൽ രോഗ സ്ഥിരീകരണ നിരക്ക് വീണ്ടും എട്ട് ശതമാനത്തിലെത്തി.
ഒക്ടോബറിൽ മൂന്നുശതമാനം വരെയായി കുറഞ്ഞ സ്ഥാനത്താണ് ഈ ആവസ്ഥ. മൂന്നോ നാലോ ദിവസമായാണ് രോഗ സ്ഥിരീകരണ നിരക്കിലും രോഗികളുടെ എണ്ണത്തിലും ജില്ല മുന്നിലേക്ക് വന്നു തുടങ്ങിയത്. ജില്ലയിലെ കോവിഡ് കേസുകളിലെ ഈ മാറ്റം നിരീക്ഷിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. കോവിഡ് പൂർണമായും മാറിയ സാഹചര്യം പോലെയാണ് നാടും നഗരവും. സാമൂഹിക അകലമോ നേരാംവണ്ണം മാസ്ക് ഉപയോഗിക്കലോ സാനിറ്റൈസർ ഉപയോഗമോ ഏറക്കുറെ മറന്ന മട്ടാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലയിലെ ബീച്ചുകളിൽ റെക്കോഡ് ജനമാണ് കഴിഞ്ഞ അവധി ദിവസങ്ങളിൽ ദൃശ്യമായത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത് ഉപജീവനമാർഗം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയെന്ന കാര്യം പലരും മറന്നതായും ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണത്തിൽ ഏറ്റവും കുറവ് കാസർകോട് തന്നെയാണ്. ഒക്ടോബറിൽ അതിവേഗത്തിലാണ് രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയത്. എന്നാൽ, ഒരാഴ്ചയിലധികമായി രോഗികളുടെ എണ്ണത്തിൽ നേരിയ വർധന അനുഭവപ്പെടാൻ തുടങ്ങി.
ജില്ലയിൽ ചിലരെങ്കിലും ഒരു ഡോസ് വാക്സിനെടുത്ത് രണ്ടാമത്തേതിന് വിമുഖത കാണിക്കുന്നതും തിരിച്ചടിയാണ്. ഒറ്റ ഡോസിൽ വാക്സിനേഷൻ അവസാനിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് മൊത്തത്തിലുണ്ട്. ഇത്തരക്കാരെ ബോധവത്കരിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം ലഭിക്കുന്നില്ല. ലക്ഷണങ്ങളില്ലാത്ത രോഗികൾ പുറത്തിറങ്ങുന്നതും പ്രശ്നമാവുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.