ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ല ഏറെ പിന്നാക്കമെന്ന് പഠനം
text_fieldsകാസർകോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ലയുടെ അവസ്ഥ അതിദയനീയമെന്ന് പഠന റിപ്പോർട്ട്. പരിമിതമായ സൗകര്യം കാരണം ജില്ലയിലുള്ളവർ ഉന്നതപഠനത്തിനായി അതിർത്തി കടക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐ ജില്ല കമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സർക്കാർ, എയ്ഡഡ് മേഖലയിൽ ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.
മതിയായ ഹോസ്റ്റലുകളോ അധ്യാപകരോ നൂതന കോഴ്സുകളോ ജില്ലയിലില്ല. രൂക്ഷമായ ഗതാഗതപ്രശ്നവും വിദ്യാർഥികൾ നേരിടുന്നു. കാസർകോടിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കണമെന്നും സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. ചരിത്രകാരൻ ഡോ. സി. ബാലൻ, കണ്ണൂർ സർവകലാശാല നിയമ പഠനവകുപ്പ് മേധാവി ഡോ. ഷീന ഷുക്കൂർ, കന്നട വിഭാഗം മേധാവി ഡോ. രാജേഷ് ബെജ്ജംഗല, കെ.വി. സജീവൻ, വിനോദ് പായം, ഡോ. ആർ. രഞ്ജിത്ത്, ആൽബിൻ മാത്യു എന്നിവരടങ്ങുന്നതാണ് കമീഷൻ.
ഹയർസെക്കൻഡറി കഴിഞ്ഞാൽ പകുതിപേരും പുറത്ത്
13,970 പേരാണ് ഹയർസെക്കൻഡറി കഴിഞ്ഞ് എല്ലാവർഷവും പുറത്തിറങ്ങുന്നത്. ആർട്സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പ്രഫഷനൽ കോളജ് വിഭാഗങ്ങളിലായി 7000ത്തിൽ താഴെയാണ് ജില്ലയിലെ ഉപരിപഠനാവസരം. ഹയർസെക്കൻഡറി കഴിഞ്ഞ പകുതിപേരും പുറത്താവുന്നുവെന്നർഥം. ഇവർ മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. സർക്കാർ മേഖലയിൽ അഞ്ച് ആർട്സ് ആൻഡ് സയൻസ് കോളജുകളാണ് ജില്ലയിലുള്ളത്. എയ്ഡഡ് മേഖലയിൽ മൂന്നെണ്ണവും.
ഫീസില്ലാതെ പഠിക്കാൻ ആകെയുള്ളത് ഈ എട്ട് കോളജുകളാണ്. ഫീസ് നൽകി പഠിക്കാൻ സ്വാശ്രയ കോളജുകളുമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് കാസർകോട്. 10 സ്വാശ്രയ കോളജുകളാണ് ആകെയുള്ളത്. കണ്ണൂർ സർവകലാശാലയുടെ മൂന്ന് കാമ്പസുകൾ ഉണ്ടെങ്കിലും സ്വാശ്രയ കോഴ്സുകളാണ് നടത്തുന്നത്. സർക്കാർ-എയ്ഡഡ് മേഖലയിൽ ഒറ്റ എൻജിനീയറിങ് കോളജുമില്ല.
ആകെയുള്ള മൂന്നും സ്വാശ്രയ മേഖലയിൽ. പ്രഫഷനൽ കോളജുകളുടെ കാര്യത്തിലും അതിദയനീയമാണ് ജില്ലയുടെ സ്ഥിതി. ജില്ലയിൽ ലോ കോളജ് സ്ഥാപിക്കുക, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ കൂടുതൽ കോളജുകൾ അനുവദിക്കുക, നിലവിലെ കോളജുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുക, പാരാമെഡിക്കൽ കോഴ്സുകൾ അനുവദിക്കുക, കോളജുകളിൽ ജില്ലക്കാർക്ക് പ്രാദേശിക സംവരണം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് നിക്ഷേപകരുടെ സംഗമം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും പരിഹാര നിർദേശങ്ങൾ തേടി മന്ത്രിമാരെ കാണുമെന്നും ഇവർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ കമീഷൻ അംഗം ഡോ. സി. ബാലൻ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്‍റ് കെ. അഭിറാം, വൈസ് പ്രസിഡന്‍റ് വിപിൻ കീക്കാനം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.