കാസർകോട് ജില്ല ആസൂത്രണ സമിതി യോഗം; സര്‍ക്കാര്‍ സ്ഥാപനങ്ങൾ ഹരിതചട്ടം ഉറപ്പുവരുത്തണം
text_fieldsകാസർകോട്: മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ഹരിതചട്ടം ഉറപ്പുവരുത്തണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ജൂണ്‍ അഞ്ചിനകം വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് ശുചിത്വ മാലിന്യ സംസ്കരണ പ്രൊജക്ട് ഉള്‍പ്പെടുത്താനും യോഗം നിര്‍ദേശം നൽകി. മാലിന്യമുക്ത നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട ജില്ലയിലെ തദ്ദേശസ്വരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ശുചിത്വ മാലിന്യ പ്രൊജക്ടുകള്‍ ജില്ല ആസൂത്രണ സമിതി യോഗം അവലോകനം ചെയ്തു.
എം.സി.എഫ് നവീകരണം, ഹരിത കര്‍മസേനക്ക് ഉപകരണങ്ങളും യൂനിഫോമും, ബയോഗ്യാസ് കമ്പോസ്റ്റ്, സോക്ക് പിറ്റ്, ഹരിത കര്‍മസേനക്ക് വാഹനം തുടങ്ങിയ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും യോഗം നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായി മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയെ യോഗം അഭിനന്ദിച്ചു.
ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ. ഇമ്പശേഖര്‍, തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ ജയ്സണ്‍ മാത്യു, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല ആസൂത്രണ സമിതി അംഗം വി.വി. രമേശന്, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്, അഡ്വ.എ.പി. ഉഷ, ജാസ്മിന് കബീര്‍, വിവിധ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ സംബന്ധിച്ചു. ജൂണ്‍ അഞ്ചിന് സംഘടിപ്പിക്കുന്ന ഹരിതസഭയെ കുറിച്ച് നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് സംസാരിച്ചു.
ജില്ല ആശുപത്രിക്ക് ഭൂമി വാങ്ങുന്നതിന് സംയുക്ത പദ്ധതി
കാസർകോട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രി വികസനത്തിന് ചെമ്മട്ടംവയലില്‍ ജില്ല ആശുപത്രിക്ക് സമീപമുള്ള 88 സെൻറ് ഭൂമി വാങ്ങുന്നതിന് പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം വീതവും മുനിസിപ്പാലിറ്റി അഞ്ച് ലക്ഷം രൂപ വീതവും വകയിരുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷണന് പറഞ്ഞു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെയും വലിച്ചെറിയല്‍ മുക്ത കാമ്പയിന് പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.