ആര് തുണക്കും, ആരെ ചികിത്സിക്കും?
text_fieldsബദിയടുക്ക: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജ് യാഥാർഥ്യമാകാൻ ആരാണ് തുണക്കുക എന്നാണ് നാട്ടുകാരുടെ ചോദ്യം. 2013 നവംബർ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിലും ജനങ്ങളുടെ പ്രതീക്ഷ അക്കാദമി ബ്ലോക്കിലെ ഒ.പിയിൽതന്നെ നിൽക്കുന്നു.
സാധാരണക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രി സേവനം ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. കാസർകോടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഗവ. മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അവഗണനയുടെ ആഴം എത്രയെന്ന് തിരിച്ചറിയുക. ആരോഗ്യ മേഖലയിൽ ഒന്നാം നമ്പറാണെന്ന് സർക്കാർ പറയുമ്പോഴാണ് എൻഡോസൾഫാൻ ദുരിതബാധിത ജില്ലയോട് കാണിക്കുന്ന ഈ മെല്ലെപ്പോക്ക്. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിക്ക് കോടികൾ നൽകാനുള്ളതാണ് നിർമാണം താളം തെറ്റാൻ കാരണമെന്നാണ് പറയുന്നത്.
എന്നാൽ, രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കെങ്കിലും സ്വപ്നപദ്ധതിയായ മെഡിക്കൽ കോളജ് നിർമാണം പൂർത്തിയാക്കുമോ എന്നാണ് ജനങ്ങളുടെ ചോദ്യം. ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതാണ്. 67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം.
അക്കാദമിക ബ്ലോക്ക് മാത്രമാണ് നിലവിലുള്ളത്. കോവിഡ് ഒന്നാം തരംഗവേളയിൽ അക്കാദമിക ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി. പിന്നീട് ഒ.പിയും തുടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കാസർകോട് മെഡിക്കൽ കോളജ് മെല്ലെപ്പോക്ക് സജീവ ചർച്ചയായിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.