കാസർകോട് െഎ.എൻ.എൽ രണ്ടല്ല; മൂന്ന്
text_fieldsകാസർകോട്: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) അടിച്ചുപിരിഞ്ഞ് രണ്ടു പക്ഷമായപ്പോൾ കാസർകോട് ജില്ലയിലത് മൂന്ന് വിഭാഗം. കാസിം ഇരിക്കൂർ, എ.പി. അബ്ദുൽ വഹാബ് പക്ഷങ്ങൾക്കു പുറമെയാണ് മൂന്നാമതൊരു വിഭാഗത്തിെൻറ പിറവി. സേവ് ഫോറം എന്നപേരിൽ മൂന്നാം പക്ഷത്തിെൻറ കൺവെൻഷൻ അടുത്തദിവസം ചേരും. സംസ്ഥാന, ജില്ല കമ്മിറ്റികളിൽ ഉൾപ്പെട്ട ഏതാനും നേതാക്കളുടെ നേതൃത്വത്തിലാണ് ഈ വിഭാഗം.
ഐ.എൻ.എൽ ജില്ല സെക്രട്ടറിമാരായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.എ. കുഞ്ഞബ്ദുല്ല, എം.കെ. ഹാജി, എ.കെ. കമ്പാർ, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്പള, സാലിം ബേക്കൽ, നാഷനൽ യൂത്ത് ലീഗ് ജില്ല ഭരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അൻവർ മാങ്ങാടൻ എന്നിവരാണ് സേവ് ഫോറം നേതാക്കൾ. പരസ്യപ്രസ്താവന നടത്തിയതിനും പാർട്ടി വിരുദ്ധ പ്രവർത്തനത്തിനും ഇവരെ കഴിഞ്ഞദിവസം ഭാരവാഹിത്വത്തിൽനിന്ന് നീക്കിയിട്ടുണ്ട്.ജില്ല കൗൺസിൽ ചേരാതെ ഭാരവാഹികളെ എങ്ങനെ പുറത്താക്കാൻ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്. സംസ്ഥാന കൗൺസിൽ അംഗങ്ങളെ പുറത്താക്കാൻ ജില്ല കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇവർ പറയുന്നു. ആഗസ്റ്റ് 18ന് നടന്ന കാസർകോട് ജില്ല പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് അടിപിടിവരെ നടന്നിരുന്നു. ജില്ല കമ്മിറ്റി വിളിച്ചുചേർക്കാതെ ഏകപക്ഷീയമായി അംഗത്വ കാമ്പയിൻ തുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. വഹാബ് പക്ഷക്കാരും സേവ് ഫോറം പ്രഖ്യാപിച്ചവരുമാണ് അന്ന് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
സംസ്ഥാനത്ത് ഐ.എൻ.എല്ലിന് സ്വാധീനമുള്ള ജില്ലകളിൽ ഒന്നാണ് കാസർകോട്. നഗരസഭ വൈസ് ചെയർമാൻ മുതൽ പഞ്ചായത്ത് അംഗങ്ങൾ വരെയുണ്ട്. ജില്ല പ്രസിഡൻറും ജനറൽ സെക്രട്ടറിയും കാസിം പക്ഷക്കാരാണ്. സഹ ഭാരവാഹികളിലാണ് വഹാബ് പക്ഷക്കാരും മൂന്നാം പക്ഷക്കാരുമുള്ളത്. അണികളിൽ തങ്ങൾക്ക് മുൻതൂക്കമെന്നാണ് വഹാബ്പക്ഷം പറയുന്നത്.വാട്സ്ആപ്പിൽ വിശദീകരണം തേടി ഒരുവിഭാഗം ഭാരവാഹികളെ പുറത്താക്കിയതും വിവാദമായിട്ടുണ്ട്.ഇരുപക്ഷവും സേവ് ഫോറം നേതാക്കളുമായി ചർച്ചയും തുടങ്ങി. സേവ് ഫോറം എങ്ങോട്ട് ചായുമെന്നതിന് അനുസരിച്ചാവും ജില്ലയിൽ ഐ.എൻ.എല്ലിെൻറ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.