കാസർകോട്: ജനറൽ ആശുപത്രിയിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ കെട്ടഴിച്ച് എം.എൽ.എ
text_fieldsകാസർകോട്: ജനറൽ ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി വീണജോർജിന്റെ മുന്നിൽ ആശുപത്രി സംബന്ധിച്ച പരാതികളുടെ കെട്ടഴിച്ച് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന്. ജനറൽ ആശുപത്രിയിൽ പതിനാലോളം ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ഇതിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ പല ഒഴിവുകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ് എന്ന് അദ്ദേഹം ഉന്നയിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ്, ദോബി വാഷിംഗ് ചാർജ്, ഡയറ്റ് ചാർജ് ഇനത്തിൽ സർക്കാറിൽ നിന്നും അലോട്ട്മെന്റ് കിട്ടിയിട്ടില്ല. ആശുപത്രി മോണിറ്ററിങ് കമ്മിറ്റി, കാരുണ്യ സുരക്ഷ ഫണ്ടിൽ നിന്നാണ് തുക ഇതുവരെ കണ്ടെത്തിയത്.
ഇത് താൽക്കാലിക ജീവനക്കാരുടെ ശമ്പളം, ലാബ് റിയേജന്റ്, എക്സ്-റേ, സി.ടി ഫിലിം ചാർജുകൾ, ഓക്സിജൻ ചാർജുകൾ കുടിശ്ശികയാകാൻ ഇടയാക്കിയിരിക്കുകയാണ്. ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഈ അലോട്ട്മെന്റുകൾ അനുവദിക്കേണ്ടതാണ്.
കാരുണ്യ ആരോഗ്യ സുരക്ഷ ഫണ്ട് കോടിയോളം രൂപ കുടിശ്ശിക കിട്ടാനുണ്ട്. ഈ ഫണ്ടിൽ നിന്നും താൽക്കാലിക ജീവനക്കാരുടെ ശമ്പളം കൊടുക്കാനും മറ്റു ബില്ലുകളുടെ പേയ്മെന്റ് നടത്താനും ബുദ്ധിമുട്ടാകുന്നു. അടിയന്തരമായി കെ.എ.എസ്.പി ഫണ്ട് അനുവദിക്കണം. ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം എൻഡോസൾഫാൻ ഫണ്ട് ഉപയോഗിച്ചാണ് ചെയ്തിരുന്നത്.
ഇപ്പോൾ എൻഡോസൾഫാൻ ഫണ്ട് ലഭ്യമല്ലാത്തത് ഇതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. 24 മണിക്കൂറും പോസ്റ്റ്മോർട്ടം ചെയ്യുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. ഫോറൻസിക് സർജന്റെ ഒരു തസ്തിക മാത്രമേ ഇവിടെയുള്ളൂ. ഫോറൻസിക് സർജന്റെ കൂടുതൽ തസ്തികകൾ വേണം.
ആശുപത്രിയുടെ വാഹനം 15 വർഷം കഴിഞ്ഞതിനാൽ മാറ്റിയിട്ടിരിക്കുകയാണ്. പുതിയ വാഹനം വേണം. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.