പ്രതീക്ഷയുണ്ട്, ഒപ്പം ദുരൂഹതകളും
text_fields
കേരളം സമർപ്പിക്കുന്ന എയിംസ് പരിഗണന പട്ടികയിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തുകയെന്ന ഒരൊറ്റ ആവശ്യമേ കാസർകോട്ടുകാർ ആവശ്യപ്പെടുന്നുള്ളൂ. അനുയോജ്യ സ്ഥലം പരിശോധിക്കാൻ കേന്ദ്ര സംഘമെത്തുേമ്പാൾ ജില്ലയെ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണം. 6727 എൻഡോസൾഫാൻ രോഗികൾക്ക് വിദഗ്ധ ചികിത്സ വേണമെന്ന സുപ്രീംകോടതി വിധിയും ഒരു ന്യൂറോളജിസ്റ്റിെൻറ സേവനം പോലുമില്ലാത്ത രാജ്യത്തെ അപൂർവ പ്രദേശവുമായതിനാൽ കാസർകോടിനെ തള്ളാൻ ഒരു വിദഗ്ധ സംഘത്തിനും കഴിയില്ലെന്ന് ഉറപ്പ്. സ്വകാര്യമേഖലയിൽപോലും ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയില്ലാത്ത മറ്റേത് ജില്ലയുണ്ട് എന്നാണ് ജനകീയ കൂട്ടായ്മയുടെ ചോദ്യം. സർവമേഖലയിലും പിന്നാക്കമെന്നതിനാൽ കേന്ദ്ര സർവകലാശാല അനുവദിച്ചപോലെ എയിംസും വരുമെന്നും കണക്കുകൂട്ടുന്നു. ഇതെല്ലാം മുൻകൂട്ടി കണ്ട് കാസർകോട് പട്ടികയിൽ വരാതിരിക്കാൻ ചില ഗൂഢസംഘങ്ങൾ കരുക്കൾ നീക്കുകയും ചെയ്യുന്നു. അത്തരം സംശയങ്ങൾ ഉറപ്പിക്കുന്ന തരത്തിലാണ് അടുത്തിടെ നടന്ന ചില നീക്കങ്ങൾ. പട്ടികയിൽ കാസർകോട് വരാതിരിക്കാനും ആ നിലക്കുള്ള പ്രതിഷേധമോ കൂട്ടായ്മയോ ഒന്നും നടത്തരുതെന്നും ഈ സംഘത്തിന് നിർബന്ധമുണ്ട്. എയിംസ് പരിഗണന പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് അയച്ച കത്തിനു നൽകിയ മറുപടി മാത്രം മതി ചില കേന്ദ്രങ്ങളുടെ 'അമിതാവേശം' വ്യക്തമാകാൻ. ജില്ലയെ ഉൾപ്പെടുത്തണമെന്ന കത്തിന് കോഴിക്കോട് തീരുമാനിച്ചുവെന്ന നിലക്കാണ് മറുപടി ലഭിച്ചത്. കാസർകോടിെൻറ വികാരം അറിയിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും 'അതെല്ലാം തീരുമാനമായി' എന്ന മട്ടിലാണ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ജില്ല പരിഗണനയിൽ ഇല്ലെന്ന് നിയമസഭയിലും മുഖ്യമന്ത്രി മറുപടി നൽകിയത്.
എങ്ങനെ തഴയും ജില്ലയെ
ഇടതുസർക്കാറിന് അത്ര എളുപ്പത്തിൽ തഴയാൻ കഴിയുന്ന ജില്ലയല്ല കാസർകോട്. അഞ്ചിൽ മൂന്നു എം.എൽ.എമാരും കാലങ്ങളായി ഇടതുമുന്നണിക്കാണ് എന്നതിൽ ഒതുങ്ങുന്നില്ല കാര്യങ്ങൾ. കേരളത്തിെൻറ ആദ്യമുഖ്യമന്ത്രിയായി ഇ.എം.എസ് നമ്പൂതിരിപ്പാട് ജയിച്ചുകയറിയത് ജില്ലയിൽനിന്ന്. നായനാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലവും എ.കെ.ജി കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവായി ജയിച്ചു കയറിയതും കാസർകോട്ടുനിന്ന്. അതിനാൽതന്നെ ഇടതുമുന്നണിക്ക് കാസർകോടിനെ അവഗണിക്കാനാവില്ല. എയിംസിനായുള്ള കൂട്ടായ്മക്ക് ഏറ്റവും മുന്നിൽനിന്ന് പ്രവർത്തിച്ചത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ എം.പിയുമായ പി. കരുണാകരനാണ്. എയിംസ് ജനകീയ മുന്നണി ജില്ലയിലുടനീളം നടത്തിയ കാൽനട ജാഥയിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാെത ജില്ലയിലെ മുഴുവൻ എം.പിമാരും നിലകൊണ്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം കൊടുത്തതും ഒറ്റക്കെട്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും കാസർകോടിെൻറ വികാരം സംസ്ഥാന കമ്മിറ്റിയിൽ ശക്തമായി ഉന്നയിക്കുന്നതിൽ പിന്നാക്കം പോകുന്നുവെന്നാണ് പ്രധാന പരാതി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള ചരിത്രവിധി സമ്പാദിച്ചത് ഡി.വൈ.എഫ്.ഐ ആണ്. ആ പോരാട്ട വീര്യം ഇക്കാര്യത്തിലും വന്നാൽ കാസർകോടിന് എയിംസ് ഉറപ്പ് എന്നാണ് വിലയിരുത്തൽ.
പ്രമേയം പാസാക്കാൻ ഇനി ആരുമില്ല
ജില്ലയിൽ എയിംസ് വേണമെന്ന പ്രമേയം പാസാക്കാൻ ഇനി ആരുമില്ല. ജില്ല പഞ്ചായത്ത് തൊട്ട് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ എല്ലാം പ്രമേയം പാസാക്കി. കാസർകോടിെൻറ പൊതുവികാരമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ പ്രകടമായത്. സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് ഭരണസമിതികൾ ഒന്നടങ്കം എയിംസിനായി പ്രമേയം വാങ്ങിയത് ജില്ലയിൽ മാത്രം. അതുകൊണ്ടുതന്നെ, ഒരു ജനകീയ സർക്കാറിന് എങ്ങനെ കാസർകോടിനെ തഴയാൻ കഴിയുമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാർ തന്നെ ചോദിക്കുന്നത്. കേന്ദ്രം പ്രഖ്യാപിക്കുന്ന എല്ലാം കാസർകോട്ട് കൊണ്ടുപോയി എന്നാരും പരാതിപ്പെടാറില്ല. അങ്ങനെെയാരു ശീലവും ജില്ലക്ക് ഇല്ല. ഒരുനാടിെൻറ ജീവിതപ്രശ്നമായതുകൊണ്ടാണ് മികച്ച ആതുരാലയം ആവശ്യപ്പെടുന്നത്. മന്ത്രിമാരും മുഖ്യമന്ത്രിയെയും ഗവർണറെയും കണ്ട് നിവേദനങ്ങൾ നൽകിയിട്ടും തദ്ദേശസ്ഥാപനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഈ അവഗണന എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും തദ്ദേശസ്ഥാപന അധ്യക്ഷന്മാർ ചോദിക്കുന്നു. ചുരുങ്ങിയപക്ഷം എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യമാർന്ന മുഖമെങ്കിലും ചിന്തിച്ചാൽ പുറംകാൽ കൊണ്ട് തട്ടിമാറ്റില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശത്തെ തുടർന്നാണ് ഇടതുപക്ഷത്തെ ചിലർ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഇങ്ങനെ അഭിപ്രായം പറയുന്നത്.
പരിഗണന പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രമം-നെല്ലിക്കുന്ന് എം.എൽ.എ
എയിംസ് അനുവദിക്കേണ്ട പട്ടികയിൽ കാസർകോട് ഉൾപ്പെടുത്താൻ എന്തിനാണ് മടിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. സംസ്ഥാനത്ത് ഭൂരഹിതർക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് കാസർകോട്ടാണ്. സർക്കാർ ഭൂമി ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇവിടെ എന്ന് മുഖ്യമന്ത്രിക്കും അറിയാം. ജില്ലയിൽ എത്ര ഭൂമിയുണ്ടെന്ന് കൃത്യമായി കണക്കെടുക്കട്ടെ. എന്നിട്ട് വീണ്ടും മുഖ്യമന്ത്രിയെ കാണും. എയിംസ് പരിഗണന പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ സർക്കാർ മനപ്പൂർവം ശ്രമിക്കുകയാണ്.
എൻഡോസൾഫാൻ വിഷ മഴ തളിച്ച് ആയിരങ്ങൾ ദുരിതമനുഭവിക്കുന്ന നാടാണ്. മെഡിക്കൽ കോളജുകളും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും നിരവധിയുള്ള ജില്ലകളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ എന്തുകൊണ്ട് കാസർകോടിനെ ഒഴിവാക്കുന്നുവെന്നത് സംശയകരമാണ്. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ കണ്ടിട്ടും അവഗണിക്കുകയാണ്- സജി കുരുവിനാവേലിൽ, (ജില്ല ചെയർമാൻ, എയിംസ് കൂട്ടായ്മ)
പ്ലാേൻറഷൻ കോർപറേഷൻ, റവന്യൂ ഉടമസ്ഥതകളിലായി 12000ഓളം ഏക്കർ ഭൂമിയുള്ള ജില്ലയാണ് കാസർകോട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നദികളുള്ള സ്ഥലം. 60കി.മി ചുറ്റളവിൽ കണ്ണൂരും മംഗളൂരുവിലുമായി എയർപോർട്ടുകൾ, വൈദ്യുതി, ദേശീയപാത തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ കാസർകോട് എയിംസ് പട്ടികയിലേ വരാതിരിക്കാനാണ് ശ്രമം-നാസർ ചെർക്കള (വർക്കിങ് ചെയർമാൻ, എയിംസ് ജനകീയ കൂട്ടായ്മ)
മികച്ച ആരോഗ്യ സംവിധാനം ജില്ലയിൽ ഇല്ല. ശരിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങൾവരെ മരിച്ചുവീഴുന്നു. ആരോഗ്യം സംരക്ഷിക്കാൻ അതിർത്തികൾ കടന്നുപോകേണ്ട അവസ്ഥയാണ്. ചികിത്സക്ക് കാലതാമസം നേരിടുന്നതിനാൽ ആരോഗ്യാവസ്ഥ ഗുരുതരമാവുന്നു. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്ക് അവരുടെ രോഗം കണ്ടെത്തി മതിയായ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ് -ഫറീന കോട്ടപ്പുറം, (ജന. കൺവീനർ, എയിംസ് ജനകീയ കൂട്ടായ്മ)
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.