കാസർകോടിനെക്കുറിച്ച് ചോദിക്കരുത്...
text_fieldsഎയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർകോട് ജില്ല പരിഗണനയിലില്ലെന്നാണ് ഒക്ടോബർ നാലിന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി. ഒക്ടോബർ 11ന് ഇതേ ചോദ്യം വീണ്ടും ഉന്നയിച്ചു. ഇത്തവണ എൻ.എ. നെല്ലിക്കുന്നിനൊപ്പം എ.കെ.എം. അഷ്റഫുമുണ്ട് ചോദ്യകർത്താക്കളായി. പ്രതിപക്ഷ എം.എൽ.എമാർ ആയതിനാൽ ഇവർക്ക് വീണ്ടും വീണ്ടും എയിംസ് തന്നെ ചോദിക്കുന്നതിൽ ഒരുപ്രശ്നവുമില്ല. കാരണം, സർക്കാർ കേന്ദ്രത്തിന് നൽകിയ കത്തിൽ വ്യക്തതയാണ് ഇവർ തേടുന്നത്. ചോദ്യത്തിന് മുഖ്യമന്ത്രി വീണ്ടും മറുപടിയും നൽകി. പക്ഷേ, ഉരുണ്ടുകളിക്കുന്ന മറുപടിയാണ് ലഭിച്ചത്. കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നതിന് ഉണ്ടെന്നോ ഇല്ലെന്നോ ആ മറുപടിയിലില്ല.
എയിംസുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങളാണ് ഇരുവരും ഉന്നയിച്ചത്. ആറിനും ഒരേ മറുപടി. നിയമസഭ ചോദ്യോത്തരത്തിലാണ് ഇമ്മാതിരി ഒഴിഞ്ഞുമാറൽ എന്നുകൂടി ആലോചിക്കണം. കാസർകോട് പരിഗണനയിലില്ലെന്ന മറുപടി ജില്ലയിലുണ്ടാക്കിയ പ്രതിഷേധം അറിഞ്ഞാണോ ഈ ഒഴിഞ്ഞുമാറൽ എന്നുമറിയില്ല. നിയമസഭയുടെ വെബ്സൈറ്റിൽ കയറി പരിശോധിച്ചാൽ ആർക്കും കാണാം ചോദ്യവും പ്രസക്തമായ ഉത്തരവും.
ഇതല്ലേ ശരിക്കും ഒഴിഞ്ഞുമാറൽ
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സംസ്ഥാനം സ്വീകരിച്ചത്, എയിംസ് സ്ഥാപിക്കാൻ സംസ്ഥാനം എന്തൊക്കെ ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്, പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ, വിവരങ്ങൾ വ്യക്തമാക്കാമോ, കാസർകോടിനെ ഉൾപ്പെടുത്തിയിട്ടുണ്ടോ, ഇല്ലെങ്കിൽ ഉൾപ്പെടുത്താമോ, പിന്നാക്ക ജില്ലയെന്ന നിലക്കും സ്പെഷാലിറ്റി ആശുപത്രികൾ ഇല്ല എന്ന നിലക്കും കാസർകോട്ട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ ചുരുക്കം. എല്ലാറ്റിനും ഒരൊറ്റ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ ഭൂമി ലഭ്യമാക്കാമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സെപ്റ്റംബർ 22ന് കത്തയച്ചിട്ടുണ്ട്. വ്യവസായ വകുപ്പിനുകീഴിലെ ആ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് അളന്നുതിട്ടപ്പെടുത്തി കൈമാറാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നുമാണ് മറുപടിയുടെ ചുരുക്കം. എയിംസ് കോഴിക്കോട്ടാണ് സർക്കാർ ഉദ്ദേശിച്ചതെന്ന് മറുപടിയിൽ വ്യക്തമാണ്. പക്ഷേ, ജില്ലയിലെ രണ്ട് എം.എൽ.എമാർ ചോദിച്ചതിന് എല്ലാം ഇതല്ലല്ലോ മറുപടി. ചോദ്യങ്ങൾ ഇനിയും വരും. ഇത്തരം ഉത്തരങ്ങളും.
ഒരുമയുണ്ട്, പക്ഷേ..
എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്ന കാര്യത്തിൽ രാഷ് ട്രീയ പാർട്ടികൾക്കെല്ലാം ഒരേ സ്വരമാണ്. എല്ലാ പരിപാടികളിലും എല്ലാവരും പങ്കെടുക്കുന്നു. കാസർകോടിെൻറ വികാരത്തിനൊപ്പം എന്ന് പ്രഖ്യാപിക്കുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ നേതാക്കന്മാർ പലതവണ 'ജില്ലക്കൊപ്പ'മെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാർട്ടിക്കാരുടെ മുന്നണികൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പ്രമേയവും പാസാക്കി. ഇതിലപ്പുറം അതത് പാർട്ടിക്കാരുടെ സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയം ആരൊക്കെ ഉന്നയിച്ചിട്ടുണ്ടാകും. അതിലാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്. ജില്ലയുടെ വികാരം അതത് പാർട്ടികളുടെ സംസ്ഥാന കമ്മിറ്റികളിൽ ഉന്നയിച്ച് പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടത്. കാസർകോടിനെ തഴയുന്നതിൽ ചില റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളും സംശയിക്കുന്നുണ്ട് ചിലർ. ആ നിലക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും ജനകീയ കൂട്ടായ്മയിലുള്ളവർ പറയുന്നു.
ഇനി അവകാശ റാലിയും
മുഖ്യമന്ത്രി എന്ത് പറഞ്ഞാലും ആവശ്യത്തിൽനിന്ന് പിന്മാറേണ്ട എന്നാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം. ജില്ലയിലുടനീളം കാൽനടയും വാഹനപ്രചാരണ യാത്രയും നടത്തിയതിനുശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരമാവധി പേരെ ഉൾപ്പെടുത്തി അവകാശ റാലി നടത്താനാണ് തീരുമാനം.
ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ അവകാശ റാലി നടത്തുക. റാലിയിൽ സർവകക്ഷി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കും.
നവംബർ 17നാണ് റാലി നിശ്ചയിച്ചത്. കൂടുതൽ കാര്യങ്ങൾ ബുധനാഴ്ച വ്യാപാരഭവനിൽ ചേരുന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനിക്കും.
മുഖ്യമന്ത്രി പറഞ്ഞത് പഴയ പട്ടിക പ്രകാരം–പി. കരുണാകരൻ
എയിംസ് പരിഗണിക്കുന്ന ജില്ലകളിൽ കാസർകോട് ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നേരത്തേ നൽകിയ പട്ടിക പ്രകാരമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ എം.പിയുമായ പി. കരുണാകരൻ. കാസർകോട് പരിഗണനയിൽ ഇല്ലെന്ന് കേൾക്കുേമ്പാൾ വിഷമം തോന്നുക സ്വാഭാവികമാണ്. കാസർകോട് എയിംസ് വരണമെന്നു തന്നെയാണ് അഭിപ്രായം. ചികിത്സരംഗത്ത് കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത സ്ഥലമാണിത്. മെഡിക്കൽ കോളജോ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയോ ഇല്ലാത്ത ജില്ലയാണ്. ഇതെല്ലാം ബന്ധപ്പെട്ടവരെ നേരത്തേ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയിലും ഇത് ഉന്നയിക്കും.
സിനാനും സുനൈറും
കന്യാകുമാരി വരെ സൈക്കിൾ യാത്ര
കാസർകോടുനിന്ന് കന്യാകുമാരി വരെ സൈക്കിളിൽ സഞ്ചരിച്ച് മടങ്ങിയെത്തിരിക്കുകയാണ് സിനാനും സുനൈറും. ജില്ലക്ക് എയിംസ് ആവശ്യപ്പെട്ടും തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ രോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടായിരുന്നു യാത്ര. എയിംസ് ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് ഒരിടത്തും നടക്കാത്ത പ്രതിഷേധങ്ങളാണ് ജില്ലയിൽ നടക്കുന്നത്. അതിെൻറ ഭാഗമായാണ് കുട്ടികൾ കന്യാകുമാരി വരെ പുറപ്പെട്ടത്. തിരിച്ചെത്തിയ ഇവർക്ക് എയിംസ് ജനകീയ കൂട്ടായ്മ പ്രവർത്തകർ സ്വീകരണം നൽകി.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.