കാസർകോട് റെയിൽവേ സ്റ്റേഷൻ മുഖം മാറ്റത്തിന്
text_fieldsകാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം മുഖംമാറ്റത്തിന് ഒരുങ്ങുന്നു. ഇതിനായി കാസർകോട് വികസന പാക്കേജിൽനിന്നും അഞ്ചുകോടി രൂപ അനുവദിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ തായലങ്ങാടി വരെയുള്ള ഭാഗമാണ് നവീകരിക്കുക. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി.
റെയിൽവേ സ്റ്റേഷനു മുന്നിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കും. റോഡിന് ഇരുവശവുമുള്ള മരങ്ങൾ സംരക്ഷിച്ചുനിർത്തി ഇന്റർലോക്ക് ചെയ്ത് പാർക്കിങ് സൗകര്യം ഒരുക്കും. കൂടാതെ പാതയോരത്ത് ഏകദേശം 200 ച.മീ. വിസ്തൃതിയിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള പാർക്ക് സ്ഥാപിക്കും. ബാക്കിയുള്ള സ്ഥലത്ത് പൂന്തോട്ടം ഉൾപ്പെടെയുള്ള പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും.
പാർക്കിങ് ഏരിയയോട് അനുബന്ധിച്ച് കിയോസ്ക്കുകൾ സ്ഥാപിക്കും. ഇവിടെ ആധുനിക ലഘു ഭക്ഷണശാലയും ഉണ്ടാകും. റോഡിന് ഇരുവശവും ടൈൽ വിരിച്ച നടപ്പാത, സൈനേജുകൾ, ഡ്രെയിനേജുകൾ, കൈവരികൾ തുടങ്ങിയവ സ്ഥാപിക്കും. ആധുനിക തെരുവുവിളക്ക് സംവിധാനം, സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ഡിസ്പ്ലേ സംവിധാനം തുടങ്ങിയവ ഒരുക്കും. വികസന പാക്കേജിെന്റ ജില്ലതല സാങ്കേതിക സമിതി പദ്ധതിക്ക് അനുമതി നൽകി. പൊതുമരാമത്ത് വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന പാക്കേജ് ഫിനാൻസ് ഓഫിസർ എം. ശിവപ്രകാശൻ നായർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ കെ.പി. വിനോദ് കുമാർ തുടങ്ങിയവരും മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പദ്ധതി ടെൻഡർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.