കാസർകോട് ജില്ല ജൈവവൈവിധ്യ പുരസ്കാര വിതരണം
text_fieldsകാസർകോട്: ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ ജില്ല പഞ്ചായത്ത് നടത്തുന്നത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജൈവവൈവിധ്യ പുരസ്കാര വിതരണവും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മണ്ണും സസ്യജാലങ്ങളും മൃഗങ്ങളും പ്രവചനാതീതമായ നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.
ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നത് പ്രധാനമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേഡഡുക്ക പഞ്ചായത്തിലെ പൊലിയം തുരുത്ത് ഇക്കോ വില്ലേജില്‍ നടന്ന പരിപാടിയില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്ന് വ്യക്തിഗത അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കിയത്.
ഒപ്പം കെ.എസ്.ബി.ബി മെംബര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് ജില്ല വൃക്ഷം, പുഷ്പം, പക്ഷി, ജീവി എന്നിവയുടെ പ്രഖ്യാപനവും നടത്തി. ചടങ്ങില്‍ മഞ്ചേശ്വരം ഇ.ഡി.സി ഡോ. രമേശ്, കെ.എസ്.ബി.ബി മെംബര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് എന്നിവർ ക്ലാസെടുത്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്പേഴ്സൻ കെ. ശകുന്തള, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് എം. മനു, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന് കബീര്‍, സി.ജെ. സജിത്ത്, ജില്ല ജൈവ വൈവിധ്യ കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനിയര്‍ ടി. രാജേഷ്, ജില്ല പഞ്ചായത്ത് ബി.എം.സി അംഗം ടി.എം. സുസ്മിത, കെ.എസ്.ബി.ബി ടെക്നിക്കല്‍ സപോര്‍ട്ടിങ് ഗ്രൂപ്പ് മെംബര്‍ ഡോ. കെ.എ. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് സ്വാഗതവും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ വി.എം. അഖില നന്ദിയും പറഞ്ഞു.
അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍
നേരത്തേ അപേക്ഷ ക്ഷണിച്ചതനുസരിച്ച് ഏഴു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍നിന്നാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കാവ്, പുഴ, തോട്, കുളം, കണ്ടല്‍ എന്നിങ്ങനെ കൃഷി ഇതരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഹരിതവ്യക്തി പുരസ്കാരം നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി. ദിവാകരന് ഏറ്റുവാങ്ങി.
കണ്ടല്‍ച്ചെടി വ്യാപനം, ഔഷധച്ചെടികളുടെ ശേഖരം, നഴ്സറി എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കിയത്. 17ാം വയസ്സില്‍ കണ്ടല്‍ക്കാട് സംരക്ഷണവും പക്ഷിനിരീക്ഷണവും നടത്തുന്ന പള്ളിക്കര പനയാലിലെ കെ.വി. അഭയ്ക്ക് പ്രത്യേക പരാമര്‍ശനം ലഭിച്ചു.
മികച്ച പക്ഷിജന്തു സംരക്ഷകനായി ഹരിദാസ് പെരിയയെ തിരഞ്ഞെടുത്തു. ജീനോ സേവ്യര്‍ പുരസ്കാരം കണ്ണാലയം നാരായണന്, രവീന്ദ്രന് കൊടക്കാട് എന്നിവര്‍ പങ്കിട്ടു. സസ്യ/ ജന്തു വര്‍ഗങ്ങളുടെ ജനിതക സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയാണ് ഇവരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
102 തരം പയര്‍ വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതോടൊപ്പം ഏഴ് ഏക്കർ സ്ഥലത്ത് മറ്റു വിളകളും കൃഷികളും കണ്ണാലയം നാരായണന് ചെയ്തുവരുന്നു. നാടനും ഹൈബ്രിഡുമായി 12ഓളം നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യുകയും വാഴ, മാവ്, കവുങ്ങ് എന്നിവയുടെ നാടന്‍ ഇനങ്ങളും ഹൈബ്രിഡുമായ വൈവിധ്യങ്ങളും സംരക്ഷിക്കുകയും കൃഷിനടത്തുന്നയാളാണ് രവീന്ദ്രന്.
മികച്ച ഹരിതവിദ്യാലയമായി ജി.എഫ്.എച്ച്.എസ്.എസ്. ബേക്കല്‍, ജി.യു.പി.എസ്. പാടിക്കീല് എന്നിവരെ തിരെഞ്ഞടുത്തു. കാസര്‍കോട് ഗവ. കോളജിനെയാണ് ഹരിത കലാലയമായി തിരഞ്ഞെടുത്തത്. എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളജിന് പ്രത്യേക പരാമര്‍ശവുമുണ്ട്.
മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്കാരം തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകള്‍ക്ക് ലഭിച്ചു. ജൈവവൈവിധ്യ പരിപാലനരംഗത്തുള്ള സര്‍ക്കാരിതര സംഘടനക്കുള്ള പുരസ്കാരം പുലരി അരവത്തിനാണ്. മികച്ച സര്‍ക്കാര്‍ ഇതര സംഘടനയായി പുലരി അരവത്ത് തിരഞ്ഞെടുക്കപ്പെട്ടു.
കണ്ടല്‍ സംരക്ഷണം, പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണം, കാര്‍ഷിക വികസന പദ്ധതിയുടെ വികസനത്തിനുള്ള പ്രോസ്താഹന പദ്ധതികള്‍, കാനം സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതിനാണ് പുലരി അരവത്ത് അവാര്‍ഡ് നേടിയത്.
കാഞ്ഞിരം ജില്ല വൃക്ഷം; വെള്ളവയറന്‍ കടല്‍ പരുന്ത് പക്ഷി
കാസർകോട്: കാഞ്ഞിരമരം ഇനിമുതല്‍ ജില്ല വൃക്ഷമായി അറിയപ്പെടും. പെരിയ പോളത്താളി ജില്ല പുഷ്പമായും, വെള്ളവയറന്‍ കടല്‍പ്പരുന്ത് ജില്ല പക്ഷിയായും, പാലപ്പൂവന്‍ ആമ (ഭീമനാമ) ജില്ല ജീവിയായും പ്രഖ്യാപിച്ചു.
ജില്ല പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജൈവവൈവിധ്യ പുരസ്കാര വിതരണ വേദിയിലാണ് ജില്ല സ്പീഷിസ് പ്രഖ്യാപനം നടത്തിയത്. കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.