ഭൂരിപക്ഷം ഒരു ലക്ഷം! ഉണ്ണിത്താൻ, കാസർകോടിന്റെ സ്വന്തം വല്യത്താൻ
text_fieldsകാസർകോട്: കൊല്ലത്ത് നിന്ന് വണ്ടി കയറിയെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോടിന്റെ ഹൃദയം വീണ്ടും കീഴ്പ്പെടുത്തിയിരിക്കുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് അത്യുത്തരകേരളം ഒരുകോൺഗ്രസ് സ്ഥാനാർഥിയെ തുടർച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കുന്നത്. അതും ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ എന്നത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
101091 വോട്ടിനാണ് ഉണ്ണിത്താൻ ഇടതുസ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ തോൽപിച്ചത്. 4,86,801 വോട്ട് ഉണ്ണിത്താൻ കരസ്ഥമാക്കിയപ്പോൾ ബാലകൃഷ്ണന് 3,85,710 വോട്ടിൽ തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പിയുടെ എം.എൽ. അശ്വിനി 2,17,669 വോട്ട് നേടി.
ഇതുവരെ നടന്ന 16 ലോക്സഭ തെരഞ്ഞെടുപ്പിൽ 12 തവണയും ഇടതുപക്ഷത്തെ തുണച്ച മണ്ഡലത്തിൽ, ഇത്തവണ മത്സരം കനത്തേതാടെ എതിർ സ്ഥാനാർഥിയുടെ മുണ്ടിലും കുറിയിലും വെര വർഗീയത ആരോപിച്ച് ഇടതുപക്ഷം പതിനെട്ടടവും പയറ്റിനോക്കി. എന്നാൽ, ഒരുവർഗീയ കാർഡിനും കാസർകോടിന്റെ ഹൃദയത്തെ സ്വാധീനിക്കാനാവില്ലെന്നതിന് ‘ഉണ്ണിച്ചയ്ക്ക്’ കിട്ടിയ വോട്ടുകൾ സാക്ഷി.
എ.കെ.ജി അടക്കമുള്ള അതികായരെ ജയിപ്പിച്ച മണ്ഡലം എന്നും ഇടതുപക്ഷത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉണ്ണിത്താന്റെ അരങ്ങേറ്റത്തിന് മുമ്പ് വെറും മൂന്ന് തവണ മാത്രമാണ് ഇടതിന് ഇവിടെ അടിതെറ്റിയത്. രണ്ടു തവണ രാമചന്ദ്രൻ കടന്നപ്പള്ളിയും ഒരുതവണ ഐ. രാമറൈയും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുകയറി. കടന്നപ്പള്ളി പിന്നീട് ഇടതുമുന്നണിയുടെ ഭാഗമായത് ചരിത്രം.
2019ലാണ് ഇടതുകോട്ടയെ വിറപ്പിച്ച് ഉണ്ണിത്താൻ കാസർകോട് രംഗപ്രവേശം ചെയ്തത്. 40,438 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം. 4,74,961 പേർ ഉണ്ണിത്താന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിന്റെ കെ.പി. സതീഷ് ചന്ദ്രന് 4,34,523 വോട്ടുകളാണ് ലഭിച്ചത്. 3.99% വോട്ടുകൾ ഉണ്ണിത്താൻ അധികമായി നേടി.
ഇത്തവണ തുടക്കത്തിൽ എൽ.ഡി.എഫ് ബഹുദൂരം മുന്നിലായിരുന്നു. പിന്നീട് എൽ.ഡി.എഫ് -യു.ഡി.എഫ് ബലാബലം മാറി മറിഞ്ഞുകൊണ്ടിരുന്നു. പ്രചാരണരംഗത്തിലും അടിത്തട്ടിലെ പ്രവർത്തനത്തിലും ഇടതുപക്ഷം ഒത്തിരി മുന്നിലായിരുന്നു. എന്നാൽ പൗരത്വ ഭേദഗതി, സംസ്ഥാന സർക്കാറിനെതിരെയുള്ള വികാരം എന്നീ നിശ്ശബ്ദ ഘടകങ്ങൾ യു.ഡി.എഫിനെ തുണച്ചു.
റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ.എസ്.എസുകാരെ വെറുതെ വിട്ടത് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടായി യു.ഡി.എഫ് ചൂണ്ടിക്കാട്ടിയതും വോട്ട് ബാങ്കിനെ സ്വാധീനിച്ചു. സംസ്ഥാന സർക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും അനുകൂലഘടകമായി. ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ ഇടത് നടത്തിയെങ്കിലും രാഷ്ട്രീയ സാമൂഹിക ഘടകങ്ങൾ യു.ഡി.എഫിനൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.