കാസര്‍കോട് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്
text_fieldsകാസര്‍കോട്: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം പദ്ധതി ചര്‍ച്ച ചെയ്തു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി ഉപയോഗപ്പെടുത്താൻ പഠിക്കുന്നതിനും പ്രയോഗിക്കുന്നതിനും അറിവ് പകരുകയാണ് ലക്ഷ്യം. പദ്ധതിക്കായി 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൊഡ്യൂള്‍ കിറ്റ് തയാറാക്കും.
മൊഡ്യൂള്‍ ശില്പശാല 16 ന് രാവിലെ 10 ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തും. ജില്ല പഞ്ചായത്ത് അക്ഷയ, കൈറ്റ്, ജില്ല സാക്ഷരത മിഷന്, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. 26 ന് ഡിജിറ്റല്‍ സാക്ഷരത പഠിതാക്കളുടെ വിവരശേഖരണം നടത്തും.
രാവിലെ ജില്ലതലത്തിലും പഞ്ചായത്തുകളിലും സര്‍വേ ഉദ്ഘാടനം ചെയ്യും. തൊഴില്‍ സഭയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കും വാര്‍ഡ് അയല്‍ക്കൂട്ട തലത്തില്‍ പരിശീലനം നല്‍കുക. ഇതിനായി വിവിധ തലങ്ങളില്‍ സംഘാടക സമിതി, നിരീക്ഷണ സമിതി എന്നിവ രൂപവത്കരിക്കും. വിപുല ക്യാമ്പയിന് നടത്തുന്നതിന് കുടുംബശ്രീയുടെ സഹകരണം ഉറപ്പുവരുത്തും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് ഉള്‍പ്പെടെ വിവിധ ഡിജിറ്റല്‍ സാങ്കേതിക വിവരങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി ചെയര്പേഴ്സൻമാരായ കെ. ശകുന്തള, അഡ്വ.എസ്.എന്‍. സരിത, പഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡന്റ് കെ.പി. വത്സലന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ഗോപാലകൃഷ്ണ, പി. ശ്രീജ, മംഗല്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂര്‍, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി. രമ, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ. ബാലകൃഷ്ണന്, ജില്ല സാക്ഷരത മിഷന് കോഓഡിനേറ്റര്‍ പി.എന്‍. ബാബു, ജില്ല ഐ.ടി മിഷന് കോഓഡിനേറ്റര്‍ എസ്. നിവേദ്, കൈറ്റ് പ്രതിനിധി റെജി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.