കാസർകോട്ടെ അംഗൻവാടി സ്മാർട്ടാക്കി കവിതാ റാണി രഞ്ജിത്ത് പടിയിറങ്ങി
text_fieldsചെറുവത്തൂർ: കാസർകോട്ടെ അംഗൻവാടികൾ സ്മാർട്ടാക്കി കവിതാ റാണി രഞ്ജിത്ത് പടിയിറങ്ങി. പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരം ജില്ലാ ഓഫീസിലേക്കാണ് പോയത്. വനിതാ ശിശു വികസന വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസറായ കവിതാ റാണി രഞ്ജിത്തിന് ചുരുങ്ങിയ കാലം കൊണ്ട് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാനും അംഗൻവാടി മേഖലയിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു.
സംസ്ഥാനത്തെ അംഗൻവാടി കുട്ടികൾക്കായുളള പാഠപുസ്തകങ്ങളിൽ ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള പഠനാനുഭവം നൽകുന്ന ശിപാർശകൾ നൽകി റിപ്പോർട്ട് വനിതാ ശിശുവികസന വകുപ്പിന് സമർപ്പിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു. ജില്ലയിലെ ജൻഡർ അവബോധപരിപാടികൾക്ക് നേതൃത്വം വഹിച്ചു കൊണ്ട് വെബിനാറുകൾ സംഘടിപ്പിച്ചു. ഐ.സി.ഡി.എസിൻെറ 45-ാം വാർഷികത്തിന് 45 ദിവസം വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു.
പോസ്റ്ററുകൾ, ഐ.ഇ.സി കാമ്പയിൻ എന്നിവ കന്നഡയിൽ ചെയ്യാൻ നേതൃത്വം നൽകിയതും അംഗൻവാടി ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സർവേ നടത്തിയതും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശാധിഷ്ഠിത ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടതും ഇവരുടെ നേതൃത്വത്തിലായിരുന്നു. ഗ്രാമീണ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങൾ ഒരേ ഉറവിടത്തിൽ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഹിളാ ശക്തികേന്ദ്ര പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും സേവനങ്ങൾ താഴെ തട്ടിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും എത്തിക്കുന്നതിന് വേണ്ടിയും പ്രവർത്തിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിൽ അടിയന്തരമായി നടപടി എടുക്കുകയും എല്ലാ പിന്തുണ നൽകുകയും ചെയ്തു. ജെൻഡർ അവബോധം ഉള്ള സമൂഹം സൃഷ്ടിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ഗാർഹിക പീഡനം തുടങ്ങിയവ തുടച്ചുനീക്കുന്നതിന് വേണ്ടി മാതൃകാപരമായ പ്രവർത്തനങ്ങൾ ജില്ലയിൽ കാഴ്ചവെച്ചിട്ടുണ്ട്.
ബഡ്‌സ് സ്‌കൂളുകളിലെ ഓട്ടിസം സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്പെഷ്യൽ ന്യൂട്രിമിക്സ് വിതരണം ചെയ്യുന്ന പ്രോജക്ട് സർക്കാർ അംഗീകാരത്തോടെ തയാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. ജില്ലയിൽ വനിതാ - ശിശുക്ഷേമത്തിനായി ഓടിനടന്ന് പ്രവർത്തിച്ച മുഖമാണ് കവിതാ റാണി ജില്ലയിൽനിന്ന് പോകുന്നതോടെ നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.