കയ്യാർ കിഞ്ഞണ്ണറൈ സ്മാരകം; കർണാടക നിർമാണത്തിനെതിരെ ജില്ല പഞ്ചായത്ത്
text_fieldsകാസർകോട്: കന്നട മഹാകവി കയ്യാർ കിഞ്ഞണ്ണറൈ സ്മാരകം നിർമിക്കാനുള്ള കർണാടക സർക്കാറിന്റെ നീക്കത്തിനെതിരെ ജില്ല പഞ്ചായത്ത്. കേരളത്തിന്റെ മണ്ണിൽ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കിഞ്ഞണ്ണറൈ സ്മാരകം നിർമിക്കാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ചോദിച്ചു. സ്മാരകം നിർമിക്കാൻ ജില്ല പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കാലതാമസം ഉണ്ടായിട്ടില്ല.
സമഗ്ര പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ)അടക്കം ചെയ്ത് മുന്നോട്ടു പോയിരുന്നു. നിർമാണത്തിന് ഹാബിറ്റാറ്റുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് അവർ ശിലാസ്ഥാപനം നടത്തുന്നത്. അത് തങ്ങളെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ജില്ല പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ തുക നീക്കിവെച്ച് കേരള - കർണാടക സർക്കാറുകളുടെ ഫണ്ടും ചേർത്ത് നിർമിക്കാനാണ് പദ്ധതിയുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ജില്ലപഞ്ചായത്തുമായി ആലോചന നടത്തിയില്ല. സ്മാരകം പണിയാൻ കവിയുടെ കുടുംബാംഗങ്ങൾ ജില്ല പഞ്ചായത്തിന് സ്ഥലം വിട്ടുതന്നിട്ടുണ്ടെന്ന് അന്നത്തെ സെക്രട്ടറി പി. നന്ദകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ബജറ്റിൽ തുക നീക്കിവെച്ചത്. ബേബി ബാലകൃഷ്ണൻ പറഞ്ഞു.
കിഞ്ഞണ്ണറൈ സ്മാരക നിർമാണം അട്ടിമറിക്കുന്നത് ഇടത് സർക്കാർ -ബി.ജെ.പി
കാസർകോട്: ഡോ. കയ്യാർ കിഞ്ഞണ്ണറൈ സ്മാരക മന്ദിരം നിർമിക്കാൻ അദ്ദേഹത്തിന്റെ കുടുംബം സൗജന്യമായി നൽകിയ 30 സെന്റ് ഭൂമിയിൽ അനുവാദം നൽകാത്ത ജില്ലപഞ്ചായത്ത് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു.
രണ്ട് കോടിയിലേറെ വിലമതിക്കുന്ന ഭൂമി ജില്ലപഞ്ചായത്തിന് രജിസ്റ്റർ ചെയ്തു കൊടുത്തിട്ടും അവിടെ മന്ദിരം നിർമിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. കർണാടക സർക്കാർ നൽകിയ പണം ഉപയോഗിച്ച് സ്മാരകം നിർമിക്കാനും ഇവർ അനുമതി നൽകിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. കിഞ്ഞണ്ണറൈയെ അവഹേളിക്കുന്ന നടപടിയാണിത്. കർണാടക ഗഡി അഭിവൃദ്ധി പ്രാധിക്കാറ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആ പണം ഉപയോഗിച്ച് മന്ദിരം നിർമിക്കാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.
കർണാടക സർക്കാറിന്റെ പദ്ധതി അട്ടിമറിക്കാനാണ് ഇടതുസർക്കാറും ജില്ലപഞ്ചായത്തും ശ്രമിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു. ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് ജില്ല കലക്ടറെ പഞ്ചായത്ത് നേതൃത്വം വിലക്കിയതായും ശ്രീകാന്ത് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.