സംസ്ഥാനം ഏറ്റെടുത്ത കെൽ-ഇ.എം.എല്ലിന് തുക നൽകിയില്ല
text_fieldsകാസർകോട്: വ്യവസായ സ്ഥാപനമായ കെൽ-ഇ.എം.എൽ കേന്ദ്രസർക്കാറിൽനിന്ന് ഏറ്റെടുക്കുമ്പോൾ വ്യവസായ വകുപ്പ് വാഗ്ദാനം ചെയ്ത ഫണ്ട് ഇനിയും നൽകിയില്ല.
2022 ഏപ്രിൽ ഒന്നിന് ഏറ്റെടുക്കുമ്പോൾ പ്രഖ്യാപിച്ച 77 കോടി രൂപയുടെ പാക്കേജിൽ 28.2 കോടി രൂപയാണ് ഇതുവരെ നൽകിയത്. ആദ്യം അനുവദിച്ച 20 കോടിക്കു പുറമെ പിന്നീട് 8.2 കോടി രൂപകൂടി അനുവദിക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കേരളത്തിന്റെ നയപരമായ മാതൃകയായി കെൽ-ഇ.എം.എൽ ഏറ്റെടുക്കലിനെ സർക്കാർ അവതരിപ്പിച്ചിരുന്നു.
കെൽ-ഇ.എം.എൽ പാക്കേജ് നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സ്പെഷൽ ഓഫിസർ കൃഷ്ണകുമാറിന് സർക്കാർ നൽകിയ വാക്കും പാലിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശമ്പളം നിജപ്പെടുത്തിയില്ല എന്നുമാത്രമല്ല, വാഗ്ദാനം ചെയ്ത മാനേജിങ് ഡയറക്ടർ സ്ഥാനവും നൽകിയില്ല.
ഏറ്റെടുക്കുമ്പോൾ നൽകിയത് 20 കോടി രൂപ ഉപയോഗിച്ച് അഞ്ചുവർഷം അടച്ചിട്ടിരുന്ന സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും പുതിയ മെഷീൻ വാങ്ങുകയും കുറച്ചുഭാഗം ശമ്പളം, പെൻഷൻ എന്നിവ നൽകാൻ ഉപയോഗിക്കുകയും ചെയ്തു. ഇനി 40 മാസത്തെ പി.എഫ് അടക്കാനുണ്ട്. പിരിഞ്ഞുപോയ 22 പേർക്ക് ആനുകൂല്യവും പെൻഷനും നൽകാനുണ്ട്. 2011ലാണ് 51:49 ഓഹരി അനുപാതത്തില്‍ ഭെല്‍-ഇ.എം.എല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റിയത്.
2022 ഏപ്രിൽ ഒന്നിന് സംസ്ഥാനം തിരിച്ചെടുത്തു. ഭെലിന്റെ 51 ശതമാനം ഓഹരികള്‍ ഒരു രൂപ വിലയില്‍ ഏറ്റെടുത്ത് ഈ യൂനിറ്റിനെ കെല് ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ഇ.എം.എൽ) എന്ന് പുനര്‍നാമകരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി. 120 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 22 പേർ പിരിഞ്ഞുപോയിട്ടുണ്ട്.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. മാർക്കറ്റ് പിടിക്കാനുള്ള ശക്തമായ ഇടപെടൽ നടക്കുകയാണ്. എങ്കിലും മൂന്നോ നാലോ മാസത്തിനകം കാര്യങ്ങൾ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെഷൽ ഓഫിസർ കൃഷ്ണകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.