കെൽ ധാരണപത്രത്തിൽ ഒപ്പിട്ടു; ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കും
text_fieldsകാസർകോട്: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെൽ ഇ.എം.എൽ മാനേജ്മെന്‍റും തൊഴിലാളികളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ, ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് ഉദ്ഘാടന തീയതി ഉടൻ നിശ്ചയിക്കും. രണ്ടുവർഷമായി അടച്ചുപൂട്ടിയ പൊതുമേഖല സ്ഥാപനമാണ് വീണ്ടും തുറക്കുന്നത്.
കേന്ദ്ര സർക്കാറിൽനിന്ന് സംസ്ഥാനം ഏറ്റെടുത്ത കമ്പനിയുടെ തൊഴിൽ വ്യവസ്ഥകളാണ് കമ്പനി തുറക്കുന്നത് നീളാൻ ഇടയാക്കിയത്. പുതിയ കമ്പനിയെന്ന നിലക്ക് പുതിയ തൊഴിൽ വ്യവസ്ഥകൾ തയാറാക്കിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും തൊഴിലാളി സംഘടന നേതാക്കളുമായി നടന്ന ചർച്ചയിലാണ് മഞ്ഞുരുകിയത്. ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ധാരണപത്രത്തിൽ ഒപ്പിടാനാണ് തീരുമാനിച്ചതെങ്കിലും ചൊവ്വാഴ്ച തന്നെ ഒപ്പിടാൻ തൊഴിലാളികൾ സന്നദ്ധരാവുകയായിരുന്നു.
ഭെൽ ഇ.എം.എൽ കമ്പനി ആയിരുന്ന സമയത്ത് മാനേജ്മെന്‍റുമായി ഒപ്പുവെച്ച ശമ്പള വർധന കരാർ നടപ്പാക്കില്ല. വിരമിക്കൽ പ്രായം 60തിൽനിന്ന് 58 ആവും. 2020 മാർച്ച് 31 വരെയുള്ള ശമ്പള കുടിശ്ശിക പണമായി നൽകും. 2020 ഏപ്രിൽ മുതൽ കമ്പനി അടച്ചിട്ട കാലയളവിലെ ശമ്പള കുടിശ്ശികയുടെ 35 ശതമാനം നൽകും.
ജീവനക്കാർക്ക് വിദേശ അവധിക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ വകുപ്പുകളിലേക്കോ ഡെപ്യൂട്ടേഷൻ അർഹത ഉണ്ടാവില്ല. ഇങ്ങനെ നീളുന്നതാണ് പുതിയ കരാർ. 15000 ശമ്പളമായി കണക്കാക്കി പി.എഫ് വിഹിതമടക്കാമെന്ന നിർദേശം പിൻവലിച്ചു.
അടച്ചിട്ട കാലത്തെ വേതനം നൽകില്ലെന്ന നിലപാട് തിരുത്തിക്കാൻ കഴിഞ്ഞതായി തൊഴിലാളികൾ പറഞ്ഞു. നിലവിലെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതാണ് ധാരണപത്രമെങ്കിലും കമ്പനി തുറക്കട്ടെയെന്ന നിലപാടിലാണ് ഒപ്പിട്ടതെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് പറഞ്ഞു
മാനേജ്മെൻറിനെ പ്രതിനിധാനം ചെയ്ത് ഡയറക്ടർ റിട്ട. കേണൽ ഷാജി വർഗീസ്, യൂനിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, യൂനിയനുകളെ പ്രതിനിധാനം ചെയ്ത് കെ.പി. മുഹമ്മദ് അഷ്റഫ്, ടി.പി. മുഹമ്മദ് അനീസ് (എസ്.ടി.യു), കെ.എൻ. ഗോപിനാഥ്, വി. രത്‌നാകരൻ (സി.ഐ.ടി.യു), എ. വാസുദേവൻ, വി. പവിത്രൻ (ഐ.എൻ.ടി.യു.സി), കെ.ജി. സാബു, ടി.വി. ബേബി (ബി.എം.എസ്) എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.