ആവേശം കെട്ടടങ്ങി കെൽ പ്രവർത്തനം മന്ദഗതിയിൽ
text_fieldsകാസർകോട്: കേന്ദ്രം വിൽപനക്കുവെച്ച പൊതുമേഖല സ്ഥാപനം ഏറ്റെടുത്തതിലൂടെ കൈയടി നേടിയെടുത്ത കെൽ യൂനിറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ. പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുക ലഭ്യമാക്കാത്തതിനുപുറമെ ജീവനക്കാർക്ക് വേണ്ട തൊഴിൽ കണ്ടെത്താൻ മാനേജ്മെന്റിന് ഇതുവരെ സാധിച്ചില്ല. കാര്യമായ പണിയൊന്നുമില്ലാത്തതിനാൽ നൂറിലേറെ വരുന്ന ജീവനക്കാർ വിഷമത്തിലാണ്. തൊഴിൽ കണ്ടെത്തേണ്ട മാനേജ്മെന്റ് വൻ പരാജയമാണെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ടുവർഷം പൂട്ടിക്കിടന്ന ഭെൽ- ഇ.എം.എൽ കമ്പനി ഏറ്റെടുത്ത് ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർക്കാനും യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ളവയുടെ നവീകരണത്തിനും 78 കോടിയും പ്രഖ്യാപിച്ചു. 20 കോടിയാണ് ഇതിനകം ലഭിച്ചത്. ഓഫിസിന്റെ മേൽക്കൂര മാറ്റി പെയിന്റിങ് ജോലികളും പൂർത്തിയാക്കിയെന്നല്ലാതെ മറ്റ് നവീകരണമൊന്നും നടന്നിട്ടില്ല.
റെയിൽവേക്ക് ആവശ്യമായ ആൾട്ടർനേറ്ററുകളാണ് കമ്പനിയിൽ നേരത്തേ പ്രധാനമായും ഉൽപാദിപ്പിച്ചിരുന്നത്. പഴയ കരാറുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിനു കീഴിലെ റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ജോലി കരാറുകൾ ഒന്നും കാര്യമായി ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ ചില കമ്പനികൾക്ക് ആവശ്യമായ ആൾട്ടർനേറ്ററുകൾ മാത്രമാണ് ഇപ്പോൾ നിർമിക്കുന്നത്. കാര്യമായ ജോലിയില്ലാത്തതിനാൽ 107 ജീവനക്കാർക്കും ആശങ്കയുണ്ട്. കെല്ലിന്റെ അനുബന്ധ കമ്പനിയായി കെൽ-ഇ.എം.എൽ എന്ന് പേരിട്ട് ജീവനക്കാരുമായി ഒപ്പുവെച്ച കരാറും കമ്പനി പാലിച്ചില്ല. കേന്ദ്ര സർക്കാറിനു കീഴിലെ കമ്പനി സംസ്ഥാനം ഏറ്റെടുത്തപ്പോൾ പെൻഷൻ പ്രായം 60ൽനിന്ന് 58 ആയി. ഇതോടെ, കമ്പനി തുറന്നയുടൻ 30ലേറെ ജീവനക്കാർ വിരമിച്ചു. ഇവരുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇനിയും നൽകാനുണ്ട്. ശമ്പളക്കുടിശ്ശിക ഉൾപ്പടെയുള്ള കാര്യത്തിലുള്ള സമയപരിധിയും അവസാനിച്ചു. ആനുകൂല്യം ലഭിക്കാത്തതിനാൽ നിയമ നടപടിയെടുക്കാനാണ് വിരമിച്ചവരുടെ തീരുമാനം. കമ്പനി ഏറ്റെടുത്തപ്പോളുണ്ടായ നടപടിക്രമങ്ങളുടെ വേഗത ഏറക്കുറെ നിലച്ച മട്ടാണ്. ബദ്രഡുക്കയിലെ 12ഏക്കറിൽ '90ലാണ് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെൽ) തുടങ്ങിയത്.
2020 മാർച്ചിൽ കോവിഡ് ലോക്ക്ഡൗണിനിടെ അടച്ചുപൂട്ടിയ സ്ഥാപനം രണ്ടുവർഷത്തിനുശേഷം വലിയ പ്രതീക്ഷയോടെ തുറന്നുവെങ്കിലും കമ്പനി പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോവാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.