കാസർകോടിന് പുതു പദ്ധതികളില്ല
text_fieldsകാസർകോട്: പുതിയ പദ്ധതികളും കാസർകോട് പാക്കേജിന് കൂടുതൽ തുകയും ഇല്ലാതെ സംസ്ഥാന ബജറ്റിൽ ജില്ല മങ്ങി. ഏറ്റവും കൂടുതൽ വിഹിതം കിട്ടിയിരുന്ന കാസർകോട് വികസന പാക്കേജിന് 75 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 125 കോടി രൂപയുണ്ടായിരുന്നു.
ഇത്തവണ 75 കോടി രൂപയാണ് അനുവദിച്ചത്. 2022 ബജറ്റിൽ അനുവദിച്ച തുക മുഴുവൻ ചെലവഴിച്ച ജില്ലയാണ് കാസർകോട്. ഇത്തവണ കൂടുതൽ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷ മിഷൻ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്ര പാക്കേജിന് 17 കോടി രൂപയാണ് മറ്റൊരു നീക്കിവെപ്പ്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു. ഇത്തവണ ഏഴുകോടിയുടെ വർധനയുണ്ട്. എന്നാൽ, ഇതും പരിമിതമാണ്.
ചികിത്സക്ക് ഹാജരാകേണ്ട മംഗളൂരുവിലെ ആശുപത്രികൾ ചികിത്സിച്ചതിന് പണം നൽകാത്തതിനെ തുടർന്ന് ചികിത്സയിൽനിന്നും പിൻവാങ്ങുകയാണ്. ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾക്കും പണം നൽകാനുണ്ട്. ഇവ പരിഹരിക്കാൻ കൂടുതൽ തുക വേണം.
മറ്റു ചിലത് പരാമർശം മാത്രമാണ്. പലതും പൊതു പദ്ധതികളുടെ ഭാഗവും. ജില്ല ഏറെ പ്രതീക്ഷിച്ച ടാറ്റ കോവിഡ് ആശുപത്രി ബജറ്റിൽ പരാമർശിച്ച് പോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്.
എന്നാൽ, ആശുപത്രി തന്നെ പ്രവർത്തിക്കുന്നില്ല. ജീവനക്കാരെ സ്ഥലം മാറ്റി. പ്രധാന ഉപകരണങ്ങൾ മറ്റിടങ്ങളിലേക്ക് കടത്തി. പ്രവർത്തനം പുതിയ രൂപത്തിൽ പുനരാരംഭിക്കുമെന്നും അതിനാവശ്യമായ തുക വകയിരുത്തുമെന്നായിരുന്നു കരുതിയിരുന്നത്.
കാസർകോട്, വയനാട്, ഇടുക്കി എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി അനുവദിച്ചത് ജില്ലക്ക് നേട്ടമായി.വിവിധ ജില്ലകളിലെ എയർ സ്ട്രിപ്പുകൾക്ക് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവത്കരിക്കും. ഇതിന് 20 കോടി രൂപ മാറ്റിവെച്ചു.
ജില്ലയിൽ പുതിയ കരിയർ ഡെവലപ്മെന്റ് കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ പറയുന്നുണ്ട്. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാസർകോട് ഉൾപ്പടെയുള്ള കെ.എസ്.ആർ.ടി.സി കേന്ദ്രങ്ങളിൽ ബസ് സ്റ്റേഷൻ നിർമിക്കും. പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കാൻ കൊല്ലത്തിനു പുറമെ കാസർകോടുമായി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കലക്ടറേറ്റുകളിൽ സംസ്ഥാന ചേംബർ ഒരുക്കുന്നുണ്ട്. ഇതിന് 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിനോദ ടൂറിസം ഇടനാഴിയിൽ ബേക്കൽ ഉൾപ്പെടും. ബേക്കൽ -കോവളം വെസ്റ്റ് കോസ്റ്റ് കനാൽ നിർമിക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ജില്ലയിലും പൈതൃകം മ്യൂസിയം സ്ഥാപിക്കുന്നതിന് 5.50 കോടിയാണ് വകയിരുത്തിയത്. എല്ലാ ജില്ല ആശുപത്രികളിലും കാൻസർ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് ഒറ്റനോട്ടത്തിൽ
• കാസർകോട് പാക്കേജ് 75 കോടി
• എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 17 കോടി
• കാസർകോട് സ്റ്റേഡിയത്തിന് 80 ലക്ഷം
• വീവേഴ്സ് സൊസൈറ്റിക്ക് 20 ലക്ഷം
• ചട്ടഞ്ചാൽ -ബിട്ടിക്കൽ -മുനമ്പം -കല്ലളി- പെർലടുക്കം
റോഡിന് 10 കോടി
• നീലേശ്വരം മുണ്ടേമ്മാട് പാലത്തിന് 10 കോടി
• പുല്ലൂർ പെരിയ അഞ്ജനം തോട് പാലത്തിനും
കാലിയടുക്കം- ആയമ്പാറ റോഡിനും അഞ്ചുകോടി
• കാരാക്കോട് പാലം നിർമാണത്തിന് അഞ്ചുകോടി
• മടിക്കൈയിൽ ചെരണത്തല പാലം നിർമാണത്തിന്
അഞ്ചുകോടി
• ഉപ്പള അഗ്നിരക്ഷാ നിലയത്തിന് ഒന്നരകോടി
• സീതാംഗോളി ഐ.ടി.ഐ കെട്ടിടത്തിന് ഒരുകോടി
• ബദ്രംപള്ള- പട്ല റോഡ് ഒരുകോടി
• വോർക്കാടി പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി
• മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.