കേരളത്തിന് കൂടുതൽ വിമാന സർവിസുകൾ വേണം - മുഖ്യമന്ത്രി
text_fieldsകാസർകോട്: സംസ്ഥാനത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ കൂടി വരേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന് ശേഷം വിമാനയാത്ര നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചത് സാധാരണക്കാരായ സഞ്ചാരികളുടെ വരവിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കാരവാന് ടൂറിസം, നൈറ്റ് ലൈഫ് ടൂറിസം, പൈതൃക സര്‍ക്യൂട്ട് എന്നിവ തുടങ്ങാനായത് വിനോദ സഞ്ചാര മേഖലില്‍ പുത്തനുണര്വുണ്ടാക്കിയിട്ടുണ്ട്. നാടിന്റെ സമാധാനവും ശാന്തിയും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇതുപോലുള്ള ഒരുമയുടെ ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകും. വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കുന്നതും നാടിന്റെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതുമാണ് ടൂറിസം മേഖലയില്‍ നടത്തുന്ന ഫെസ്റ്റിവൽ.
കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കൂട്ടായ്മകളൊക്കെ അന്യമായ രണ്ട് വര്‍ഷക്കാലമാണ് കടന്നു പോയത്. വിനോദ സഞ്ചാരികളെയും ചരിത്ര വിദ്യാര്‍ഥികളെയും ഏറെ സ്വാധീനിക്കുന്ന സ്ഥലമാണ് ബേക്കല്‍.
ബേക്കല്‍ ഫെസ്റ്റ് രാജ്യത്തെ മികച്ച ഫെസ്റ്റിവലാകുമെന്നും ലോകശ്രദ്ധയാകര്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായി കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി ടൈം മഗസിന് കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ട്രാവല്‍ ആന്‍ഡ് ലെഷര്‍ മാഗസിന് ലോകത്തെ പ്രധാന വെഡിങ് സ്പോട്ടുകളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേഖലക്കുള്ള അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്. ഇതൊക്കെയും കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പകരുന്ന ഊര്‍ജം വലുതാണ്. മുഖ്യമന്ത്രി പറഞ്ഞു. ബേക്കല്‍ ആര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി ബി.ആര്.ഡി.സി, സംസ്ഥാന സാംസ്കാരിക വകുപ്പ്, കേരള ലളിത കലാ അക്കാദമി എന്നിവ ചേര്‍ന്ന് തയാറാക്കിയ ചിത്ര മതിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും അക്വാട്ടിക് ഷോ രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിൻറ് പി. ബേബി ബാലകൃഷ്ണന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന് കുഞ്ഞി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി.
എ.ഡി.എം എ.കെ. രമേന്ദ്രന്‍, ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന മുന്‍ എം.എല്‍.എമാരായ കെ.വി. കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന്, കെ.പി. കുഞ്ഞിക്കണ്ണന്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മണികണ്ഠന്, സി.എ. സൈമ, സിജി മാത്യു എന്നിവർ സംസാരിച്ചു. ബി.ആര്.ഡി.സി മാനേജിങ് ഡയറക്ടര്‍ പി. ഷിജിന് സ്വാഗതവും മാനേജര്‍ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.