ട്രെയിൻ യാത്രക്കെത്തിയയാളെ തട്ടിക്കൊണ്ടുപോയി കവർച്ച: അഞ്ചുവർഷം തടവും 50,000 രൂപ പിഴയും
text_fieldsകാസർകോട്: തമിഴ്നാട്ടിലേക്ക് െട്രയിനിൽ പോകാനെത്തിയ യാത്രക്കാരനെ റെയിൽവേസ്റ്റേഷനു പുറത്തെ എ.ടി.എം കൗണ്ടറിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി പണവും എ.ടി.എം കാർഡും സ്വർണ ചെയിനും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്ക് അഞ്ചുവർഷം തടവിനും 30,000 രൂപ പിഴയടക്കാനും കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു.
2017 ജൂലൈ നാല് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. പട്ട്ള സ്വദേശി സതീശയുടെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരുന്നത്.
തമിഴ്നാട്ടിലേക്കു ട്രെയിൻ കയറാൻ വന്ന പരാതിക്കാരനെ പ്രതികൾ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി മുഖത്തും തലക്കും കണ്ണിനും കൈകൊണ്ട് അടിക്കുകയും തളങ്കര ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന 5000രൂപയും മൂന്ന് എ.ടി.എം കാർഡും, ഡ്രൈവിങ് ലൈസൻസും ഏകദേശം 80,000 രൂപ വില വരുന്ന നാലു പവന്റെ സ്വർണമാലയും കവർച്ച ചെയ്തുവെന്നായിരുന്നു കേസ്.
തളങ്കര പള്ളിക്കൽ ഗവ. മുസ്ലിം സ്കൂളിനു സമീപത്തെ മുഹമ്മദ് അറഫാത്ത് (37), തളങ്കര ജദീദ് റോഡ് ദീനാറിലെ മുഹമ്മദ് റാഷിന് (31), തളങ്കര കെ.കെ. പുറം മുബ്സീന മൻസിലിൽ കെ.എം. അബ്ദുറഹ്മാൻ (63), ഖാസിലെയിൻ കൊയിലാട്ടു ഹൗസിൽ കെ.എ. സാബിദ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ പിഴ തുകയിൽ നിന്നും 50,000 രൂപ പരാതിക്കാരനു നൽകാനും ഉത്തരവായി. അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് കാസർകോട് സബ് ഇൻസ്പെക്ടറായിരുന്ന പി. അജിത്ത് കുമാർ ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ നിഷ കുമാരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.