കിദൂർ പക്ഷിഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsകാസർകോട്: നൂറുകണക്കിന് പ്രകൃതിസ്നേഹികളും പക്ഷിനിരീക്ഷകരുമെത്തുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതിയായ ‘കിദൂർ പക്ഷിഗ്രാമ’ത്തിലെ ഡോർമെറ്ററിയുടെ നിർമാണം പൂർത്തിയാകുന്നു. 90 ശതമാനം ജോലികളും പൂർത്തിയായ ഡോർമെറ്ററിയുടെ ഉദ്ഘാടനം താമസിയാതെ നടക്കും. ഇനി മിനുക്കുപണികൾ മാത്രമാണുള്ളത്.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കിദൂർ ഗ്രാമം. 174 വ്യത്യസ്ത ഇനത്തിൽപെട്ട പക്ഷികളെ ഇവിടെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ഇപ്പോഴും നടന്നുവരുന്നുമുണ്ട്. കൊടുംവേനലിലും വറ്റാത്ത ‘കാജൂർപള്ളം’ പക്ഷിഗ്രാമത്തിലെ പ്രധാന ആകർഷകകേന്ദ്രമാണ്. പക്ഷിക്കൂട്ടം ഉല്ലസിക്കുന്നതും ഇവിടെ തന്നെയാണ്. ഏറക്കാലത്തെ മുറവിളിക്കൊടുവിൽ 2020ലാണ് ഡോർമെറ്ററി നിർമാണത്തിന് തുടക്കമിട്ടത്. നിർമാണം പൂർത്തിയാക്കാൻ നാലുവർഷമെടുത്തു. ജോലി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമുടലെടുത്തിരുന്നു. അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തത് നിർമാണപ്രവൃത്തിയെ ബാധിച്ചു എന്നാണ് അധികൃതരുടെ വാദം.
ഇതരസംസ്ഥാനങ്ങളിൽനിന്നുപോലും പക്ഷിഗ്രാമത്തിലെത്തുന്ന പക്ഷിനിരീക്ഷകരും ഗവേഷകരും വിദ്യാർഥികളുമൊക്കെ ഒട്ടനവധി പരിപാടികളാണ് കിദൂർ പക്ഷിഗ്രാമത്തിൽ സംഘടിപ്പിക്കുന്നത്. കുമ്പള ഗ്രാമപഞ്ചായത്തും ഒട്ടനവധി പരിപാടികൾ ഇവിടെ സർക്കാർ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. പ്രകൃതിരമണീയമായ സ്ഥലമായതുകൊണ്ടുതന്നെ ടെൻഡ് കെട്ടി ക്യാമ്പുകൾ നടത്താറുണ്ടിവിടെ. ഇത്തരത്തിലുള്ള പരിപാടികൾക്കാണ് ഡോർമെറ്ററി നിർമാണം തുടങ്ങിയത്. ഇതിനായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരുന്നത്.
നിർമാണം പൂർത്തിയായ ഡോർമെറ്ററിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി താമസത്തിന് വെവ്വേറെ മുറികൾ, മീറ്റിങ് ഹാൾ, ശുചിമുറി, അടുക്കള, ഓഫിസ് മുറി എന്നിവയാണ് പ്രാരംഭഘട്ടത്തിൽ നിർമിച്ചിരിക്കുന്നത്. സർക്കാറിന്റെ നിർമിതികേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. കിദൂരിലെ പക്ഷിഗ്രാമം ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ തൊട്ടടുത്തുള്ള ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം, ഷിറിയ പുഴ അണക്കെട്ട് തുടങ്ങിയവ ടൂറിസം പദ്ധതികളിൽ ഇടംപിടിക്കുമെന്ന് നാട്ടുകാർ കരുതുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.