ലോക ഹൃദയദിനത്തിൽ ഹൃദയത്തെ തൊട്ടറിഞ്ഞ്
text_fieldsകാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തിൽ ഹൃദയത്തെ തൊട്ടറിഞ്ഞ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലതല പരിപാടികളുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫിസ് കോൺഫറൻസ് ഹാളിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് നിർവഹിച്ചു. ആശുപത്രി കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജി രാജൻ അധ്യക്ഷത വഹിച്ചു. കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. പ്രവീണ ദിനാചരണ സന്ദേശം നൽകി. എജുക്കേഷൻ മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പ്രശാന്ത് നന്ദിയും പറഞ്ഞു. ഫീൽഡ്തല ആരോഗ്യപ്രവർത്തകർക്കായി ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തിൽ കണ്ണൂർ മെഡിക്കൽ കോളജ് ലെക്ചർ ഡോ. ഷാനവാസ് കെ. മൂസ ബോധവത്കരണ സെമിനാർ നയിച്ചു. ജില്ല മെഡിക്കൽ ഓഫിസ് എൻ.സി.ഡി അസി. നോഡൽ ഓഫിസർ ഡോ. പ്രസാദ് തോമസ് ഫീൽഡ്തല പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസുകൾ നൽകി. ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) ദേശീയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ചറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ദിനം ആചരിക്കുന്നത്. ‘ഹൃദയംകൊണ്ട് പ്രവർത്തിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദയ, രക്തധമനി രോഗങ്ങൾ (കാർഡിയോ വാസ്കുലാർ ഡിസീസ്) മാറിക്കഴിഞ്ഞു. ആധുനികകാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, പുകവലി, പൊണ്ണത്തടി തുടങ്ങിയവക്ക് എതിരായുള്ള ബോധവത്കരണമാണ് ഈ ഹൃദയദിനത്തില്‍ ചെയ്യേണ്ടത്.
ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഹൃദയത്തോടുചേർത്ത് ‘ഹൃദ്യം’
കാഞ്ഞങ്ങാട്: ജന്മനാ ഹൃദയവൈകല്യമുള്ള 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുന്ന സർക്കാറിന്റെ സൗജന്യ ചികിത്സ പരിപാടിയാണ് ഹൃദ്യം. ‘കുരുന്നുജീവനുകൾ തുടിക്കട്ടെ സർക്കാർ ഒപ്പമുണ്ട്’ എന്നതാണ് ഇതിന്റെ ആപ്തവാക്യം. കുട്ടികളുടെ ഹൃദയസംരക്ഷണമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അതിന് കൂടുതൽ കരുത്തുപകരുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയാണ് ലക്ഷ്യം. മികച്ചരീതിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നാളിതുവരെയായി 7,526ലധികം കുരുന്നുകൾക്ക് പുതുജീവൻ നൽകാനായി എന്നത് ആരോഗ്യവകുപ്പിന്റെ അഭിമാനമാണ്.
ജില്ലയിൽ ഇതുവരെ 1,061 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും ഇതിൽ 374 കുട്ടികൾക്ക് സർജറി ഉൾപ്പെടെ ചികിത്സയും നൽകിട്ടുണ്ട്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ തികച്ചും സൗജന്യമായാണ് ഈ സേവനം. നിങ്ങളുടെ കുഞ്ഞിന് അല്ലെങ്കിൽ, നിങ്ങൾക്ക് അറിയാവുന്ന ഏതെങ്കിലും കുട്ടിക്ക് ഈ സേവനം ലഭ്യമാക്കണമെങ്കിൽ hridyam.kerala.gov.in വെബ്സൈറ്റ് വഴിയോ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രാരംഭ ഇടപെടൽ കേന്ദ്രം വഴിയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9946900792.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.