കൊപ്പളത്ത് റെയിൽവേ നടപ്പാലം; സാധ്യത തെളിയുന്നു
text_fieldsമൊഗ്രാൽ: സുരക്ഷാകാരണങ്ങളാൽ മൊഗ്രാൽ കൊപ്പളത്ത് റെയിൽപാളം കടക്കുന്നത് കമ്പിവേലി കെട്ടി തടഞ്ഞ സ്ഥലത്ത് മേൽപാലത്തിന് സാധ്യത തെളിയുന്നു. റെയിൽവേ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റിയും കുമ്പള ഗ്രാമപഞ്ചായത്തും മൊഗ്രാൽ ദേശീയവേദിയും രാഷ്ട്രീയപാർട്ടി പ്രതിനിധികളും എം.പിയും എം.എൽ.എയും മുഖേന റെയിൽവേക്ക് പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഉദ്യോഗസ്ഥസംഘം വഴിയടച്ചുകെട്ടിയ കൊപ്പളം പ്രദേശം സന്ദർശിച്ചു.
പടിഞ്ഞാർ പ്രദേശത്തുള്ള വിദ്യാർഥികളുടെ പഠനം മുടക്കുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് കാണിച്ച് നേരത്തെ മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമീഷനേയും സമീപിച്ചിരുന്നു. നാട്ടുകാരുടെയും റെയിൽവേയുടെയും അഭിപ്രായമാരാഞ്ഞ മനുഷ്യാവകാശ കമീഷൻ വിദ്യാർഥികൾക്കും മുതിർന്നവർക്കും പാളം മുറിച്ചുകടക്കാതെതന്നെ അടിപ്പാതയോ മേൽപാലമോ പരിഗണിച്ച് ബദൽസംവിധാനം ഏർപ്പെടുത്താൻ റെയിൽവേക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലിനോടൊപ്പം പ്രദേശം സന്ദർശിച്ച റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുമാമസ്ജിദ് റോഡും കൊപ്പളം റോഡും പരിശോധിച്ച് നടപ്പാലം അനുവദിച്ചുകിട്ടാനുള്ള അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് നാട്ടുകാരെ അറിയിച്ചു. ഇതിനായി റെയിൽവേക്ക് റിപ്പോർട്ട് നൽകുമെന്നും കുമ്പള ഗ്രാമപഞ്ചായത്ത് മുഖേന തുടർനടപടി സ്വീകരിക്കാമെന്നും രഞ്ജിത് കുമാർ പറഞ്ഞു. സി.എം. ജലീൽ, ബി.കെ. അൻവർ കൊപ്പളം, ഖാലിദ് കൊപ്പളം, അബ്ദുല്ല, ശരീഫ്, എം.എ. മൂസ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.