കോട്ടിക്കുളത്തെ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സൗകര്യം മുന്നറിയിപ്പില്ലാതെ നിർത്തി
text_fieldsഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള തത്കാൽ അടക്കമുള്ള ടിക്കറ്റ് റിസർവേഷൻ സൗകര്യം ഒരു മുന്നറിയിപ്പുമില്ലാതെ റെയിൽവേ അധികൃതർ നിർത്തിവെച്ചു. കഴിഞ്ഞ ശനിയാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യാൻ രാവിലെ മുതൽ വരി നിൽക്കുന്നവർക്ക് ടിക്കറ്റ് കൗണ്ടർ തുറന്നപ്പോഴാണ് ഈ വിവരം അറിയാൻ കഴിഞ്ഞത്.
അറിയിപ്പില്ലാതെ പൊടുന്നനെ കൗണ്ടർ അടച്ചതിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏറെ വിഷമത്തിലായത് തത്കാൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിയിരുന്നവരായിരുന്നു. പതിവ് പോലെ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയ യാത്രക്കാർ തിങ്കളാഴ്ചയും നിരാശരായി മടങ്ങി. മലബാർ എക്സ് പ്രസിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയ ആദ്യകാലത്ത് ആ ട്രെയിനിൽ ഏതാനും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുണ്ടായ സൗകര്യം റെയിൽവേ പിന്നീട് നിർത്തലാക്കിയത് ഏറെ മുറവിളിക്ക് ശേഷമാണ് 2014 ൽ പുനഃസ്ഥാപിച്ചു കിട്ടിയത്.
അതാണ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ വീണ്ടും നിർത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. സ്വകാര്യ വ്യക്തികൾക്ക് ക്വട്ടേഷൻ നൽകിയാണ് രണ്ടു ദിവസമായി ഇവിടെ ഓർഡിനറി ടിക്കറ്റുകൾ നൽകിവരുന്നത്.
ഇവിടെ സ്റ്റോപ്പുള്ള വണ്ടികൾക്ക് അതത് സമയങ്ങളിൽ ടിക്കറ്റുകൾ നൽകാൻ കൗണ്ടർ തുറക്കും. ഘട്ടം ഘട്ടമായി റിസർവേഷൻ വിൽപന സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചില സ്റ്റേഷനുകളിൽ അതിന് തുടക്കമിട്ടതെന്നാണ് കിട്ടിയ വിവരം. റിസർവേഷൻ കൗണ്ടർ അടക്കാനുള്ള നടപടിയുടെ സൂചന നേരത്തേ ലഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിവിധ കാരണങ്ങൾ നിരത്തി കോട്ടിക്കുളത്തെ റിസർവേഷൻ സൗകര്യം നിലനിർത്തണമെന്ന് നവംബർ 19 ന് ചെന്നൈയിലെ സതേൺ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷനൽ റെയിൽവേ മാനേജർക്കും കത്തുകൾ നൽകിയിരുന്നതും പരിഗണിക്കാതെയാണ് റെയിൽവേയുടെ ഇപ്പോഴത്തെ ഈ നടപടി.
ബേക്കൽ കോട്ടയിലേക്ക് വരുന്ന നൂറ് കണക്കിന് യാത്രക്കാർ ഉപയോഗിച്ചു വരുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ 15 മുതൽ റിസർവേഷൻ സൗകര്യം എടുത്തുകളഞ്ഞതിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പ്രതിഷേധിച്ചു.
ടൂറിസ വികസനവുമായി ബന്ധപ്പെടുത്തി കോട്ടിക്കുളത്തെ പ്രധാനസ്റ്റേഷനായി ഉയർത്തി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനു പകരം നിലവിലുള്ള സൗകര്യം പോലും എടുത്തു കളയുന്നത് റെയിൽവേയുടെ തെറ്റായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.