ആരോഗ്യമില്ലാതെ കേന്ദ്രം; വായന നടക്കും
text_fieldsമൊഗ്രാൽ: നാട് പനിച്ച് വിറക്കുമ്പോഴും കോയിപ്പാടി കടപ്പുറം ഫിഷറീസ് മേഖലയിൽ ഏഴുവർഷം മുമ്പ് അനുവദിച്ച ആരോഗ്യ ഉപകേന്ദ്രം ഇപ്പോഴും വെന്റിലേറ്ററിൽ.
തീരദേശ വികസന കോർപറേഷൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ ഉപകേന്ദ്രമാണ് അധികൃതരുടെ അലംഭാവം മൂലം അവഗണന നേരിടുന്നത്.
കെട്ടിടത്തിന്റെ ഒരു മുറിയിൽ പഞ്ചായത്ത് ഇടപെട്ട് കുറച്ച് പുസ്തകങ്ങളും മറ്റും ലഭ്യമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിച്ചതുമാത്രം മിച്ചം. പിന്നീട് സന്നദ്ധ സംഘടനകളും മറ്റും കെട്ടിടത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികളും മറ്റും സംഘടിപ്പിച്ചുവരുന്നുണ്ട്.
കെട്ടിടം പൂർണമായും തുറക്കാത്തതിനാൽ ഇപ്പോൾ തകർച്ച ഭീഷണിയും നേരിടുന്നുണ്ട്. വാതിലുകളും ജനാലകളും തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുമുണ്ട്. ഇടക്കിടെ കുമ്പള ഗ്രാമപഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ഇതിനായി വാർഷിക പദ്ധതികളിൽ ഫണ്ടും അനുവദിക്കുന്നുണ്ട്.
ആരോഗ്യ ഉപകേന്ദ്രം തീരപ്രദേശത്ത് അനിവാര്യമായിരുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ അസുഖം വന്നാൽ ആശുപത്രിയിൽ പോകണമെങ്കിൽ കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തെ തന്നെ ആശ്രയിക്കണം.
ഈഭാഗത്ത് ബസ് സൗകര്യം ഇല്ലാത്തതിനാൽ കുട്ടികളും പ്രായമായവരും ആശുപത്രിയിൽ പോകാൻ ഏറെ പ്രയാസപ്പെടുന്നുമുണ്ട്.
ആരോഗ്യ ഉപകേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകേണ്ടത് ആരോഗ്യവകുപ്പ് ജില്ല അധികാരികളാണ്.
നിരവധിതവണ ജനപ്രതിനിധികളും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജില്ല മെഡിക്കൽ ഓഫിസറെ കണ്ട് കത്ത് നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് പറയുന്നു. ആരോഗ്യകേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം സമരപരിപാടികൾക്ക് രൂപംനൽകാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.