കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം 20 മുതൽ
text_fieldsകാസർകോട്: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ 23ാം സംസ്ഥാന സമ്മേളനം 20, 21, 22 തീയതികളിൽ ചെറുവത്തൂർ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 14 ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 512 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക 20ന് രാവിലെ 7.30ന് കയ്യൂർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്ന് മുൻ എം.പി പി. കരുണാകരൻ, ജില്ല സെക്രട്ടറി കെ.വി. കുഞ്ഞിരാമന് കൈമാറും. രാവിലെ 9.30ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് രക്തസാക്ഷി സ്മൃതി സംഗമം യൂനിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 21ന് പൊതുചർച്ച നടക്കും. 22ന് പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. ദേശീയ നേതാക്കളായ എ. വിജയരാഘവൻ, ബി. വെങ്കിട്ട്, എം.വി. ഗോവിന്ദൻ, ഡോ. വിക്രം സിങ്, ഡോ. വി. ശിവദാസൻ എം.പി, ബി. വെങ്കിടേശ്വരലു, ആർ. വെങ്കിട്ടരാമലു, ചന്ദ്രപ്പ ഹോസ്കേറ, വി. അമൃതലിംഗം എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, സംഘാടക സമിതി ചെയർമാൻ എം.വി. ബാലകൃഷ്ണൻ, ജനറൽ കൺവീനർ വി.കെ. രാജൻ, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.