പരപ്പയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ; ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു
text_fieldsനീലേശ്വരം: മലയോരമേഖലയിലെ യാത്രക്കാരുടെ നീണ്ട മുറവിളിക്കുശേഷം കെ.എസ്.ആർ.ടി.സി ഡിപ്പോ വരുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ പുലിയംകുളത്താണ് ഡിപ്പോ വരുന്നത്.
ജില്ലയിലെ മലയോര മേഖലകളിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ 50 കിലോമീറ്റർ ദൂരമുള്ള കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് മെക്കാനിക്കും മറ്റും വരേണ്ട അവസ്ഥയാണ് നിലവിൽ. ബസുകളെ കൂടുതലായും ആശ്രയിക്കുന്ന യാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കൂടാതെ കാസർകോട്, കണ്ണൂർ ജില്ലകളിലെ ട്രെയിൻ സൗകര്യമില്ലാത്ത മലയോര മേഖലയിലേക്കുള്ള സർവിസുകൾ കാര്യക്ഷമമാക്കാനും വരുമാനം വർധിപ്പിക്കാനും വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രീകരിച്ച് പരപ്പയിൽ സബ് ഡിപ്പോ അനുവദിച്ചാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദവും വകുപ്പിന് ഗുണകരവുമാകും. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തിനുകീഴിൽ പരപ്പ പുലിയങ്കുളത്ത് ഏഴു കിലോമീറ്ററിനുള്ളിൽ വേണ്ടത്ര റവന്യൂ ഭൂമി സൗജന്യമായി ലഭിക്കുമെന്നറിയിച്ച് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
അസി. ട്രാൻസ്പോർട്ട് ഓഫിസർ കെ.പി. ഷിബു, ഇൻസ്പെക്ടർമാരായ എസ്. രാജു, പി. കുഞ്ഞിക്കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരപ്പയിൽ എത്തി സ്ഥലം സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, പി.വി. ചന്ദ്രൻ, സി.എച്ച്. അബ്ദുൽ നാസർ, എ.ആർ. രാജു, വി. ബാലകൃഷ്ണൻ, കെ. കൃഷ്ണൻ, കെ. പ്രഭാകരൻ എന്നിവരും സ്ഥലത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.