കെ.എസ്.ആർ.ടി.സി ആസ്ഥാന മാറ്റം; വരുമാന വർധന ലക്ഷ്യം
text_fieldsകാസർകോട്: കെ.എസ്.ആർ.ടി.സി ജില്ല ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നത് ചെലവുചുരുക്കലിന്റെ ഭാഗമെന്ന് അധികൃതർ. ആസ്ഥാനം കാസർകോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റിക്കൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയിരുന്നു. കാസർകോട്ടെ കെട്ടിട സമുച്ചയം പൂർണമായും വ്യാപാര സമുച്ചയമാക്കുന്നതിന്റെ മുന്നോടിയായാണ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നത്.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള സബ്ഡിപ്പോ വ്യാപാര കേന്ദ്രമാക്കുന്നതിനുള്ള സാധ്യത വിരളമാണ്. ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കു മാറ്റുന്നതോടെ കാസർകോട് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുകയായിരുന്ന 6000 ചതുരശ്ര അടി വിസ്തീർണം ബാക്കിയാകും. അതേസമയം, കാസർകോട് ആസ്ഥാനം നിലനിൽക്കെതന്നെ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിൽ വ്യാപാര മുറികൾ ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. നവീകരണങ്ങളുടെ ഭാഗമായി എല്ലാം വിറ്റഴിക്കാൻ കഴിയുമെന്ന വാദമാണ് അധികൃതർ നടത്തുന്നത്. കാഞ്ഞങ്ങാട്ടേക്കു മാറ്റുന്നതോടെ ഭരണപരമായ ചെലവു ചുരുക്കാമെന്ന് പറയുന്നതിൽ തൊഴിലാളികളുടെ ചില ആനുകൂല്യങ്ങൾ നഷ്ടമാകും.
ജീവനക്കാരുടെ എണ്ണം കുറയും. സ്ഥാനക്കയറ്റങ്ങളിലും ഇത് പ്രകടമാകും. വിദ്യാർഥികളുടെ പാസ് അനുവദിക്കുന്നതിനു കാസർകോട് ഡിപ്പോയിൽ എത്തിയിരുന്നവർക്ക് ഇനി കാഞ്ഞങ്ങാട് എത്തേണ്ടിവരും. കാസർകോട് ഡിപ്പോയിൽ സൗകര്യം നൽകിയും ഈ പ്രശ്നത്തിനു പരിഹാരം കാണാനാകും. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയും സ്ഥിരം നഷ്ടവും പരിഹരിക്കുന്നതിന് നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗമാണ് ജില്ലയിൽ വരുത്തിയ മാറ്റം. തൊഴിലാളി സംഘടനകൾ ഈ മാറ്റത്തിന് എതിരാണ്.
ഉത്തരവ് പിൻവലിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: ജൂൺ ഒന്നു മുതൽ ജില്ലയുടെ കെ.എസ്.ആർ.ടി.സി ആസ്ഥാനം കാഞ്ഞങ്ങാട്ടെ ചെമ്മട്ടം വയലിലെ ഓഫിസിലേക്ക് മാറ്റാനുള്ള തീരുമാനം അനുചിതവും അനവരസത്തിലുള്ളതുമാണെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.
പ്രധാനപ്പെട്ട ഓഫിസുകൾ ജില്ല ആസ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനുപകരം നിലവിലുള്ള ഓഫിസുകൾ മറ്റു സ്ഥലത്തേക്ക് പറിച്ചുനടാൻ തീരുമാനിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. മുടന്തൻ ന്യായങ്ങളാണ് അധികൃതർ പറയുന്നത്. കാസർകോട്ടെ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് വാണിജ്യസാധ്യത കൂടുതലാണെന്നും കാഞ്ഞങ്ങാട്ടെ കെട്ടിടത്തിന് അതില്ലെന്നുമാണ് എം.ഡി പറയുന്നത്. അങ്ങനെയെങ്കിൽ കെ.എസ്.ആർ.ടി.സി കെട്ടിടം നിർമിച്ചത് മുതൽ ഇന്നേവരെ വാടകക്ക് കൊടുക്കാൻ കഴിയാതെ നിരവധി മുറികൾ അടഞ്ഞുകിടക്കുന്നതും ലീസിനും വാടകക്കുമെടുത്തവർ മുറികൾ തിരിച്ചേൽപിക്കാൻ ഒരുങ്ങിയിട്ടുള്ളതും എന്തകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ചില ഉദ്യോഗസ്ഥരുടെ തുഗ്ലക്ക് പരിഷ്കാരമാണിത്. എൻഡോസൾഫാൻ ഇരകൾ ഏറ്റവും കൂടുതലുള്ള മേഖലയാണ് കാസർകോട്, മഞ്ചേശ്വരം താലൂക്കുകൾ. സിവിൽ സ്റ്റേഷനടക്കം ധാരാളം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ്. സാഹചര്യമിതായിരിക്കെ അസംഭവ്യമായ വാണിജ്യ സാധ്യതപറഞ്ഞ് കെ.എസ്.ആർ.ടി.സിയുടെ ജില്ല ആസ്ഥാനം മാറ്റുന്നത് അനീതിയാണ്. എന്ത് വിലകൊടുത്തും ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പോരാടുമെന്ന് എം.എൽ.എ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
കാസർകോട്: കെ.എസ്.ആർ.ടി.സി ജില്ല ആസ്ഥാനം കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എ.ടി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. മല്ലികാർജുന ക്ഷേത്ര പരിസരത്തുനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, ജില്ല ഭാരവാഹികളായ രതീഷ് കാട്ടുമാടം, ഇസ്മായിൽ ചിത്താരി പ്രവർത്തകരായ ഷിബിൻ ഉപ്പിലിക്കൈ, എച്ച്.ആർ. വിനീത് എന്നിവരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സത്യനാഥൻ പത്രവളപ്പിൽ, അഹമ്മദ് ചേരൂർ, ചന്ദ്രഹാസ് കടകം, ധർമധീരൻ മാളംകൈ, കാസർകോട്ഡ് അസംബ്ലി പ്രസിഡന്റ് മാത്യു ബദിയടുക്ക, രാഹുൽ രാംനഗർ, ശരത് മരക്കാപ്പ് കടപ്പുറം എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.