സ്കൂൾ ബസ്, ഗ്രാമവണ്ടി പദ്ധതിയുമായി കെ.എസ്.ആർ.ടി.സി
text_fieldsകാസർകോട്: കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്നും പതിവ് നഷ്ടത്തിൽനിന്നും കരകയറാൻ സ്കൂൾ ബസ്, ഗ്രാമവണ്ടി പദ്ധതികളിലേക്ക് കെ.എസ്.ആർ.ടി.സി ചക്രമുരുട്ടുന്നു. കോവിഡ് നിബന്ധനകളിൽ ഇളവു നൽകിയെങ്കിലും 25 ശതമാനം യാത്രക്കാർ പൊതുഗതാഗതത്തിൽ തിരിച്ചെത്തിയിട്ടില്ല. 20 ശതമാനം സ്വകാര്യ ബസുകൾ (2500ഒാളം) നിരത്തിലിറങ്ങില്ല എന്ന സ്ഥിതിയുണ്ട്. സമാനമായ അവസ്ഥ കെ.എസ്.ആർ.ടി.സിക്കുമുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതിയെന്ന് കെ.എസ്.ആർ.ടി.സി ഓപറേഷനൽ വിഭാഗം അറിയിച്ചു.
എം.എൽ.എ, എം.പി ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുന്നത് ഒഴിവാക്കി കെ.എസ്.ആർ.ടി.സി വാടകക്കെടുക്കാം. അതിെൻറ വാടക സ്കൂൾ അധികൃതർക്ക് ഏതുവഴിയും കണ്ടെത്താം. കേന്ദ്രനയം കാരണം 15 വർഷ കാലാവധി കഴിഞ്ഞ ബസുകൾ നിരോധിക്കപ്പെടുന്നതോടെ ഈ വഴി കെ.എസ്.ആർ.ടി.സിക്ക് തുറന്നുകിട്ടും. എം.എൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ശിപാർശകൾ വഴിയാണ് ഗ്രാമ റൂട്ടുകൾ സർവിസ് നടത്തുന്നത്.
10 ശതമാനം വരുന്ന ഈ ശിപാർശ സർവിസുകളാണ് കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിന് കാരണമെന്ന് പറയുന്നുണ്ട്. 'ഗ്രാമവണ്ടി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാം. ഗ്രാമീണരുടെ യാത്ര സുഗമമാക്കുന്നതിന് പഞ്ചായത്തുകളുടെ ഉത്തരവാദിത്തം ബോധ്യപ്പെടുത്തുകയാണ് ഇതുവഴി കെ.എസ്.ആർ.ടി.സി ചെയ്യുന്നത്. ഡീസലിെൻറ വില പഞ്ചായത്ത് തനതു ഫണ്ടിൽനിന്നും അടക്കണം. പഞ്ചായത്ത് തീരുമാനിക്കുന്ന റൂട്ടുകളിൽ വണ്ടിയോടിക്കുകയും ചെയ്യും. അതിനുപുറമെ സന്നദ്ധ സംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവർക്കും ഒരു വർഷത്തേക്ക് റൂട്ട് സ്പോൺസർ ചെയ്യാം. ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ മേഖല യോഗങ്ങൾ നടന്നുവരുകയാണ്. നഷ്ടത്തിലോടുന്ന സർവിസുകൾ നിർത്തിവെക്കുകയോ പുന:ക്രമീകരിക്കുകയോ വേണമെന്നാണ് യോഗതീരുമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.