കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം
text_fieldsകാസർകോട്: മഞ്ചേശ്വരം കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി ഒരു പ്ലാന്റിലെ തീ ചൊവ്വാഴ്ച പുലർച്ച നാലോടെയും തുടർന്ന് രണ്ടാമത്തെ പ്ലാന്റിലെ തീയും അണച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ നിർദേശപ്രകാരം അഗ്നിശമനസേനയും റവന്യൂ ഉദ്യോഗസ്ഥരും തീയണക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. ഉപ്പള, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സംഘമാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക മൂടിക്കിടക്കുകയായിരുന്നു.
അതിനിടെ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്കും അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിനും കലക്ടർ നിർദേശം നൽകി.
മാസ്ക് ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കാൻ തഹസിൽദാർക്കും നിർദേശം നൽകി.
മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാന്റാണ് കുബണൂരിലേത്. മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് എത്തിക്കുന്നത്. 17 വർഷം മുമ്പാണ് ഇവിടെ മാലിന്യ സംസ്കരണ സംവിധാനം പ്രവർത്തിച്ചുതുടങ്ങിയത്.
നിലവിൽ കുബണൂരിൽ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതിനാൽ മാലിന്യ പ്രശ്നം രൂക്ഷമാണ്. പ്രദേശവാസികളും പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് ഇപ്പോൾ വൻ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
പ്രദേശമാകെ പുകമൂടി
ഇച്ചിലങ്ങോട് വില്ലേജിലെ കുബണൂർ മാലിന്യ പ്ലാന്റിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുകമൂടിയ നിലയിലായിരുന്നു. 10 മണിക്കൂറിലേറെ കഠിനാധ്വാനം ചെയ്താണ് അഗ്നശമന സേന തീയണച്ചത്. അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ല. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ല കലക്ടർ കെ. ഇമ്പശേഖർ പൊലീസിന് നിർദേശം നൽകി. തീപിടിത്തത്തെ തുടർന്ന് കൺട്രോൾ റൂം തുടങ്ങിയിരുന്നു.
തീ പൂർണമായി അണച്ചത് രാത്രിയോടെ
കാസർകോട്: മഞ്ചേശ്വരം താലൂക്കിൽ കുബണൂർ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം പൂർണമായി അണക്കാനായത് ചൊവ്വാഴ്ച രാത്രി എഴോടെ. അഗ്നിശമനസേന ഒരു പ്ലാന്റിലെ തീ പുലർച്ച നാലോടെ പൂർണമായി അണച്ചിരുന്നു.
തുടർന്ന് രണ്ടാമത്തെ പ്ലാന്റിൽ തീ അണച്ചുവെങ്കിലും മാലിന്യക്കൂമ്പാരം പുകഞ്ഞു കത്തുന്നുണ്ടായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കിയാണ് തീയണച്ചത്. തീപടർന്ന വിവരം ലഭിച്ചയുടൻ ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ തുടങ്ങിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വൈകീട്ടോടെ പൂർണമായി.
ഉപ്പള, കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനയാണ് രാപകൽ ഭേദമില്ലാതെ തീയണക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചത്. അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരിക്കാൻ ജില്ല ഭരണസംവിധാനം അതീവ ജാഗ്രത പാലിച്ചു. കൂടുതൽ ജെ.സി.ബി സ്ഥലത്തെത്തിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് റുബീനയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിനിധികളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ജില്ല ഫയർ ഫോഴ്സ് ഓഫിസർ ഡി. രാജ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ്, എ.ഡി.എം പി. ശ്രുതി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ജെയ്സൺ മാത്യു, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ എ. ലക്ഷ്മി, ആർ.ഡി.ഒ പി. ബിനുകുമാർ, തഹസിൽദാർ വി. ഷിജു എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മലിനീകരണനിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അന്തരീക്ഷ മലിനീകരണവും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.