'മഴപ്പൊലിമ' ഉത്സവമാക്കി നാട്ടുകൂട്ടങ്ങള്‍
text_fieldsകാസർകോട്: കാര്‍ഷിക സംസ്‌കൃതി മുറുകെപ്പിടിച്ച്, പഴമയിലാണ്ട നാട്ടിപ്പാട്ടുകളുടെ വായ്ത്താരികള്‍ മുഴക്കുകയാണ് കുടുംബശ്രീ ജില്ല മിഷന്‍. 'മഴപ്പൊലിമ'യില്‍ നാട്ടുകൂട്ടം ഒത്തുകൂടി മഴയും കൃഷിയും സൗഹൃദവും ആഘോഷമാക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ല മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. തുര്‍ച്ചയായി നാലാം വര്‍ഷവും സംഘടിപ്പിച്ചുവരുന്ന കാമ്പയിന്‍ ഈ വര്‍ഷവും ആരംഭിച്ചുകഴിഞ്ഞു. മഴപ്പൊലിമ കാമ്പയിനിലൂടെ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും ഭക്ഷ്യസമൃദ്ധമാക്കിക്കൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഈ വര്‍ഷം പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമി കൃഷി ചെയ്യാനായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങളും പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളും ലഭ്യമാകുന്നത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ആര്‍ജിക്കാനുള്ള യത്‌നത്തില്‍ കുടുംബശ്രീ ജില്ല മിഷനും കൈകോര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മഴപ്പൊലിമയിലൂടെ 1254 ഹെക്ടര്‍ വയലില്‍ കൃഷിയിറക്കി. മഴപ്പൊലിമയിലൂടെ ഇതുവരെയായി 123,89,20,000 ലിറ്റര്‍ വെള്ളം ഭൂമിക്കടിയിലേക്ക് സംഭരിക്കാന്‍ സാധിച്ചു.
ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മഴവെള്ളം നേരിട്ട് കടലിലേക്ക് പതിക്കുന്നത് ഒഴിവാക്കി മഴവെള്ളം സംഭരിച്ചുവെക്കാന്‍ കഴിഞ്ഞു. നെല്‍പാടങ്ങളില്‍ സംഭരിക്കുന്ന ജലം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും അതിലൂടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും കുടിവെള്ള അളവ് ഉയര്‍ത്താനും സഹായകമായി. ജില്ലയില്‍ ആകെ കണ്ടെത്തിയ 1705 ഹെക്ടര്‍ തരിശ് ഭൂമിയില്‍ 1556 ഹെക്ടര്‍ ഭൂമി 2017 മുതല്‍ നടത്തിവരുന്ന മഴപ്പൊലിമയിലൂടെ കൃഷിയോഗ്യമായി. വയല്‍ കൃഷി കൂടാതെ കരനെല്‍കൃഷി, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴ തുടങ്ങിയവ കുടുംബശ്രീ അംഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്.മുഴുവന്‍ പഞ്ചായത്തുകളിലും കുടുംബശ്രീ നേതൃത്വത്തില്‍ ആഴ്ചച്ചന്തകളും കാര്‍ഷിക വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഇതിലൂടെ 10,77,500 രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് നേടാനായി.
നാട്ടുചന്തകള്‍ സജീവമായതോടെ സംഘകൃഷി ചെയ്ത് ഉൽപാദിപ്പിച്ച വിളകള്‍ക്ക് ന്യായവില ലഭിച്ചു. 6084 ജോയന്‍റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് കൃഷി മികച്ച വരുമാന മാർഗമാക്കാന്‍ കഴിഞ്ഞു. വിഷരഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം നല്‍കാന്‍ കുടുബശ്രീക്ക് സാധിച്ചു.
ജാതി-മത-ലിംഗ-രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള മികച്ച മാർഗമാക്കി മഴപ്പൊലിമ. ഭക്ഷ്യസുരക്ഷയിലേക്കുള്ള അകലം കുറച്ച്, കൈമോശം വന്നുപോയ കാര്‍ഷിക സംസ്‌കൃതിയെ മുറുകെപ്പിടിച്ച് മുന്നേറുന്ന മഴപ്പൊലിമ മികച്ച മാതൃകയാണ്.ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കിക്കൊണ്ട്ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സുരക്ഷ, സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമയിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടുവെക്കുന്നത്.സി.ഡി.എസുകളെ കൂടാതെ എ.ഡി.എസിലൂടെ വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.
മുപ്പത് വര്‍ഷം തരിശിട്ട വയലിന് മഴപ്പൊലിമയില്‍ മോചനം
കാസർകോട്: ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡായ പള്ളത്തടുകയില്‍ 30 വര്‍ഷമായി തരിശായിക്കിടന്ന ഒരേക്കര്‍ വയലിന് മഴപ്പൊലിമയിലൂടെ ശാപമോക്ഷം. പഞ്ചായത്തിലെ സഫലം, ദേവിക, പൂജ, എന്നീ കുടുംബശ്രീ ജെ.എല്‍.ജികള്‍ ചേര്‍ന്ന് മഴപ്പൊലിമയിലൂടെ ഇവിടെ ഞാറ് നട്ടു. പരിപാടിയില്‍ സി.ഡി.എസ് കണ്‍വീനര്‍ അന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് മെംബര്‍ ലീല സ്വാഗതം പറഞ്ഞു. വാര്‍ഡ് മെംബര്‍മാരായ ജയശ്രീ, അനസൂയ, ജ്യോതി, മാസ്റ്റര്‍ ഫാര്‍മേര്‍ ഉഷ, സി.എല്‍.സി പ്രസന്ന, അക്കൗണ്ടൻറ് മമത, ജെ.എല്‍.ജി കര്‍ഷകര്‍ തടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.