ലഹരിക്കെതിരെ കുടുംബശ്രീയുടെ സുരക്ഷാ ശ്രീ; ഓണക്കാലത്ത് തുടക്കം
text_fieldsകാസർകോട്: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷന്റെ സുരക്ഷാ ശ്രീ പദ്ധതി. സുരക്ഷിതബാല്യം, സുരക്ഷിതകൗമാരം, സംതൃപ്ത കുടുംബം തുടങ്ങിയ സന്ദേശമുണര്‍ത്തി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഒരു വര്‍ഷം നീളുന്ന കാമ്പയിന് പരിപാടികളാണ് കുടുംബശ്രീ ജില്ല മിഷന് ആസൂത്രണം ചെയ്തത്. 'സുരക്ഷാശ്രീ' പ്രചാരണത്തിന് ഓണക്കാലത്ത് തുടക്കമാകും.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സ്ത്രീകളെ അണിനിരത്തിയാണ് സുരക്ഷാശ്രീ പ്രതിരോധകവചം തീര്‍ക്കുക. ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഗൃഹസന്ദര്‍ശനം, കൗണ്‍സലിങ്, സാംസ്കാരിക മതില്, തെരുവു നാടകങ്ങള്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍, ലഹരിവിരുദ്ധ സുരക്ഷാസേന തുടങ്ങി വൈവിധ്യങ്ങളായ പദ്ധതികളാണ് സുരക്ഷാശ്രീ വഴി നടപ്പാക്കുക.
ഉത്രാടം, ഓണം നാളുകളില്‍ എല്ലാ വീടുകളിലും കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് പദ്ധതിക്ക് തുടക്കംകുറിക്കും.
സി.ഡി.എസുകള്‍ മുഖേന ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും കാമ്പയിനില്‍ അണിനിരക്കണമെന്ന് ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.