കുമ്പള പെർവാഡ് നടപ്പാലം; നിർമാണം തുടങ്ങി
text_fieldsപെർവാഡ് ദേശീയപാതയിൽ നടപ്പാല നിർമാണം പുനരാരംഭിച്ചപ്പോൾ
കാസർകോട്: സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കംമൂലം അനിശ്ചിതത്വത്തിലായ കുമ്പള പെർവാഡ് നടപ്പാലം ഒടുവിൽ നിർമാണം തുടങ്ങി. മൂന്നുമാസം മുമ്പ് നടപ്പാലം നിർമാണം തുടങ്ങിയ സമയത്ത് സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെട്ടാണ് ജോലി നിർത്തിവെക്കാൻ നിർമാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടത്.
ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. നൂറു ദിവസത്തിലേറെ വലിയ സമരങ്ങളിലൂടെ നാട്ടുകാർ നേടിയെടുത്തതാണ് നടപ്പാലം. സമരത്തിന് ഐക്യദാർഢ്യവുമായി മുതിർന്ന രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സമരപ്പന്തലിൽ എത്തിയിരുന്നു. ഒട്ടേറെ സ്ത്രീകളാണ് കൈക്കുഞ്ഞുമായി സമരപ്പന്തലിൽ എത്തിയിരുന്നത്.
അടിപ്പാതക്ക് വേണ്ടിയായിരുന്നു സമരമെങ്കിലും ഇത് അനുവദിച്ചു കൊടുക്കാൻ ദേശീയപാത അതോറിറ്റി തയാറായിരുന്നില്ല. പകരം, മേൽനടപ്പാലം പരിഗണിക്കുകയായിരുന്നു. മേൽനടപ്പാലം നിർമാണം തടസ്സപ്പെട്ടതിൽ കുമ്പള ഗ്രാമപഞ്ചായത്തും നാട്ടുകാരും തമ്മിൽ തുറന്നപോര് നടന്നു.
ഒടുവിൽ, എ.കെ.എം. അഷ്റഫ് എം.എൽ.എ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നിട്ടും നിർമാണത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ നാട്ടുകാർ ആശങ്കയറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. മേൽനടപ്പാലം വരുന്നതോടുകൂടി പെർവാഡ് ഭാഗത്തുനിന്നു വരുന്ന നൂറുകണക്കിന് സ്കൂൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.